കാഞ്ഞിരമറ്റം: റെയില്‍വേ കീമാന്‍മാരുടെ സംയോജിത ഇടപെടല്‍ മൂലം ട്രെയിനില്‍ കയറുന്നതിനിടെ പാളത്തിലേക്ക് വീണ വിദ്യാര്‍ത്ഥി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 7.45ന് കാഞ്ഞിരമറ്റം റെയില്‍വേ സ്റ്റേഷനിലായിരുന്നു അപകടം. എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥിനി കാഞ്ഞിരമറ്റം മുതയില്‍ ജയലക്ഷ്മി (20)യാണ് ട്രെയിനില്‍ ഓടക്കയറുന്നതിനിടെ പാളത്തില്‍ വീണത്.
ജയലക്ഷ്മി സ്റ്റേഷനിലെത്തിയപ്പോഴേക്കും കൊല്ലം- എറണാകുളം പാസഞ്ചര്‍ മുന്നോട്ടെടുത്തിരുന്നു. അതിനിടെ ട്രെയിനില്‍ കയറാന്‍ ശ്രമിച്ച പെണ്‍കുട്ടി വഴുതി പാളത്തിലേക്ക് വീഴുകയായിരുന്നു. ഇത് കണ്ട യാത്രക്കാരും ജീവനക്കാരും ആദ്യമൊന്നു പകച്ചു. എന്നാല്‍ റെയില്‍വേ കീമാന്മാര് അവസരോചിതമായി ഇടപെടുകയായിരുന്നു.
പേടിക്കേണ്ടെന്നും തലകുനിച്ച് അനങ്ങാതെ കിടക്കണമെന്നും പ്ലാറ്റ്ഫോമിനും പാളത്തിനും ഇടയിലായി വീണ വിദ്യാര്‍ഥിനിയോട് കീമാന്മാര് നിര്‍ദേശിച്ചു. അപ്പോഴേക്കും യാത്രക്കാരിലൊരാള്‍ അപായച്ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തി. ഉടന്‍ യാത്രക്കാരും ജീവനക്കാരും ചേര്‍ന്ന് വിദ്യാര്‍ത്ഥിനിയെ പാളത്തില്‍ നിന്നും വലിച്ച് പുറത്തെടുത്തു. അപകടത്തില്‍ താടിയെല്ലിന് പരിക്കേറ്റ വിദ്യാര്‍ത്ഥിനി തപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.