കാസര്‍കോട്: ഓട്ടോറിക്ഷാ യാത്രക്കാരനായിരുന്ന എട്ടുവയസ്സുകാരന്റെ മുഖം കാട്ടുപന്നി കടിച്ചുകീറി. കുന്നുംകൈ ഓട്ടപ്പടവ് സ്വദേശി ഇസ്മായിലിന്റെ മകന് സഹദി(എട്ട്)നാണ് പന്നിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്. സഹദിന്റെ മുഖത്ത് അറുപത്തിയഞ്ച് തുന്നല്‍ വേണ്ടിവന്നതായി ഡോക്ടര്‍മാര്‍ പറയുന്നു.
ശനിയാഴ്ച രാത്രി 10-നാണ് സംഭവം. ഇസ്മായിലും കുടുംബവും ഓട്ടോറിക്ഷയില്‍ മൗക്കോടിലേക്ക് പോകുംവഴി പാലക്കുന്നില്‍ വെച്ച് റോഡിനു കുറുകെ പോവുകയായിരുന്ന പന്നി വാഹനത്തിന്റെ മുന്നിലേക്ക് ചാടിവീണു. പെട്ടെന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് യാത്രക്കാരനായ ബാലനും പന്നിയും ഓട്ടോയുടെ അടിയില്‍ കുടുങ്ങി.
രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ മുഖം പന്നി കടിച്ചുകീറി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ചെറുവത്തൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സഹദിന്റെ മുഖത്ത് 65 തുന്നല്‍ വേണ്ടിവന്നു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന മറ്റുള്ളവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.