ലഖ്നൗ: വനിതയെ അപമാനിച്ച ബിജെപി കിസാന്‍മോര്‍ച്ച നേതാവിന്റെ കെട്ടിടം പൊളിച്ച് നീക്കി അധികൃതര്‍. ഉത്തര്‍ പ്രദേശിലെ നോയിഡയിലാണ് സംഭവം. നോയിഡയിലെ സെക്ടര്‍-93 ബിയിലുള്ള ഗ്രാന്‍ഡ് ഒമാക്സ് സൊസൈറ്റിയില്‍ താമസക്കാരനായ ശ്രീകാന്ത് ത്യാഗിയുടെ വീടിന് നേരെയാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.
അനധികൃത നിര്‍മാണമെന്ന് ചൂണ്ടിക്കാട്ടിയാണ് ബുള്‍ഡോസറുമായെത്തി അധികൃതര്‍ വീട് പൊളിച്ചത്. പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം എത്തിയ അധികൃതര്‍ ശ്രീകാന്ത് ത്യാഗിയുടെ വസ്തുവിലെ അനധികൃത കെട്ടിടം പൊളിച്ചുനീക്കുകയായിരുന്നു.
അതേസമയം ശ്രീകാന്ത് ത്യാഗി ഒളിവിലാണ്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. ശ്രീകാന്ത് ത്യാഗിയും ഹൗസിംഗ് സൊസൈറ്റിയില്‍ താമസക്കാരിയായ വനിതയും തമ്മില്‍ വൃക്ഷത്തൈകള്‍ നടുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം നടന്നത്.
ത്യാഗി ഹൗസിംഗ് സൊസൈറ്റിയില്‍ ചില വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാന്‍ ശ്രമിക്കുകയും നിയമങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി സ്ത്രീ അതിനെ എതിര്‍ക്കുകയുമായിരുന്നു. സംഭവം നടന്നപ്പോള്‍ ത്യാഗി ഇവരെ അപമാനിച്ചു എന്നാണ് പരാതി. ത്യാഗി സ്ത്രീയെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്യുന്ന സംഭവത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വരുകയും ചെയ്തിരുന്നു.