ബംഗളൂരു: മാതാപിതാക്കള്‍ ശകാരിച്ചതിന് കനാലില്‍ ചാടിയ രണ്ടു പെണ്‍കുട്ടികളില്‍ ഒരാളുടെ മൃതദേഹം കിട്ടി. കര്‍ണാടകയിലാണ് സംഭവം. രാജേശ്വരിയുടെ (17) മൃതദേഹമാണ് കണ്ടെത്തിയത്. രണ്ടാമത്തെ പെണ്‍കുട്ടി സുപ്രിയ(18)യ്ക്കായി തിരച്ചില്‍ തുടരുകയാണ്.
പെണ്‍കുട്ടികള്‍ ഹോസ്കോടെ അനുഗോണ്ടനഹള്ളിയില് ദക്ഷിണ പിനാകിനി നദിയിലെ കനാലിലാണ് ചാടിയത്. ഇരുവരും ലക്കൂര് ഗവ.പിയു കോളജ് വിദ്യാര്‍ഥികളാണ്. കോളജ് വിട്ടതിനു ശേഷവും ഇരുവരും ഫോണില്‍ ദീര്‍ഘനേരം സംസാരിച്ചിരുന്നു.
ഇതു ശ്രദ്ധയില്‍പ്പെട്ട രക്ഷിതാക്കള്‍ പെണ്‍കുട്ടികളെ ശകാരിച്ചിരുന്നു. ഇതോടെ പെണ്‍കുട്ടികള്‍ മാനസിക സമ്മര്‍ദത്തിലായിരുന്നു എന്നാണ് വിവരം. ചൊവ്വാഴ്ച വൈകിട്ട് കോളജില്‍ നിന്നു മടങ്ങിയ ഇവര്‍ കനാലിനു സമീപത്തുള്ള പാലത്തില്‍ നിന്നും ചാടുകയായിരുന്നു.
സംഭവം കണ്ട നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്ന് ബന്ധപ്പെട്ടവരെ വിവരം അറിയിക്കുകയും ചെയ്തു. ആത്മഹത്യാക്കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.