ഹൈദരാബാദ്: വീഡിയോ വൈറലായതിന് പിന്നാലെ മെട്രോയ്ക്കുള്ളില്‍ വെച്ച് റീല്‍സ് ചിത്രീകരിച്ച പെണ്‍കുട്ടിയ്ക്കെതിരെ നടപടിക്കൊരുങ്ങി ഹൈദരാബാദ് മെട്രോ. മെട്രോയ്ക്കുള്ളില്‍ ഫോട്ടോ എടുക്കുന്നതിനും വീഡിയോ ചിത്രീകരിക്കുന്നതിനും പ്രത്യേകം അനുവാദം വാങ്ങണമെന്നും പെണ്‍കുട്ടി മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് മെട്രോയ്ക്കുള്ളില്‍ നൃത്തം ചെയ്യുന്ന റീല്‍സ് ചിത്രീകരിച്ചതെന്നും ഹൈദരാബാദ് മെട്രോ അധികൃതര്‍ വ്യക്തമാക്കി.
മെട്രോയ്ക്ക് ഉള്ളില്‍ നിന്ന് നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വളരെവേഗം വൈറലാവകയായിരുന്നു. തമിഴ്പാട്ടിനൊത്ത് ചുവടുകള്‍ വയ്ക്കുന്ന പെണ്‍കുട്ടിയുടെ പിന്നിലായി യാത്രക്കാരെയും കാണാന്‍ സാധിക്കും.
വീഡിയോ വൈറലായതോടെ പെണ്‍കുട്ടിക്കെതിരെ പരാതിയുമായി നിരവധി പേര് എത്തുകയായിരുന്നു. മെട്രോയ്ക്ക് അകത്ത് റീല്‍സ് ചിത്രീകരിക്കാന്‍ പെണ്‍കുട്ടിക്ക് ആരാണ് അനുവാദം നല്‍കിയതെന്നും ഇത്തരം കാര്യങ്ങള്‍ മറ്റ് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നവയാണെന്നും പരാതികളില്‍ പറയുന്നു.
അതേസമയം, പെണ്‍കുട്ടിയെ പിന്തുണച്ചും നിരവധി പേര് കമന്റുകള്‍ ഇട്ടിരുന്നു. ഇതിനു പിന്നാലെയാണ് പെണ്‍കുട്ടിക്കെതിരെ പൊലീസില്‍ ഒരുകൂട്ടം ആള്ക്കാര് പരാതി നല്‍കിയത്.