ജംഷേദ്പുര്‍: പ്രണയവിവാഹത്തെ എതിര്‍ത്ത പിതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ മകള്‍ ഉള്‍പ്പെടെ നാല് പേര് അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ ആദിത്യപുരിലാണ് സംഭവം. വ്യവസായിയായ കനയ്യസിങ്ങിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലാണ് മൂത്തമകള്‍ അപര്‍ണ(19) കാമുകനായ രജ് വീര്‍(21) നിഖില്‍ ഗുപ്ത, സൗരഭ് കിസ്കു എന്നിവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
ജൂണ്‍ 30-ാം തീയതിയാണ് ഹരി ഓംനഗറിലെ അപ്പാര്‍ട്ട്മെന്റിന് പുറത്തുവെച്ച് കനയ്യസിങ് കൊല്ലപ്പെട്ടത്. വാഹനത്തിലെത്തിയ മൂന്നംഗസംഘം കനയ്യസിങ്ങിന് നേരേ വെടിയുതിര്‍ത്ത ശേഷം രക്ഷപ്പെടുകയായിരുന്നു. വിശദമായ അന്വേഷണത്തിലാണ് പ്രതി മകളാണെന്ന് കണ്ടെത്തിയത്.
കനയ്യസിങ്ങിന്റെ മകള്‍ അപര്‍ണയും രജ് വീറും കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഈ ബന്ധത്തെ കനയ്യസിങ് ശക്തമായി എതിര്‍ത്തിരുന്നു. മകളുമായുള്ള അടുപ്പത്തിന്റെ പേരില്‍ രജ് വീറിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതേത്തുടര്‍ന്ന് രജ് വീറും കുടുംബവും ആദിത്യപുരിലെ മറ്റൊരിടത്തേക്ക് താമസംമാറ്റി. രജ് വീറുമായുള്ള പ്രണയം അറിഞ്ഞതോടെ മറ്റൊരാളുമായി മകളുടെ വിവാഹം നടത്താനായിരുന്നു കനയ്യസിങ്ങിന്റെ ശ്രമം. വീട്ടില്‍ വിവാഹാലോചനകള്‍ തുടങ്ങിയതോടെയാണ് പിതാവിനെ വകവരുത്താന്‍ അപര്‍ണ തീരുമാനിച്ചത്.