കോട്ടയം: ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ വളര്‍ത്തു നായ തന്റെ യജമാനനായ ആര്‍ദ്രയെ തേടി സ്കൂളിലെത്തി. ‘പോപ്പി’യെന്ന വെളുത്തനിറമുള്ള ഓമന നായയാണ് ആര്‍ദ്ര പഠിക്കുന്ന 10 സി ക്ലാസ് മുറിയുടെ മുന്നിലെത്തിയത്. നായയെ കണ്ടതോടെ ആര്‍ദ്ര ഒരു നിമിഷം പകച്ചുപോയി. പിന്നീട് പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷത്തിലായിരുന്നു ആര്‍ദ്ര.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അമയന്നൂര്‍ കൊട്ടുവിരുത്തിയിലെ ആര്‍ദ്രയ്ക്ക് പോപ്പിയെ നഷ്ടമായത്. ആര്‍ദ്രയ്ക്കൊപ്പം രാവിലെ സ്കൂളിലേയ്ക്കുള്ള യാത്രയില്‍ അമയന്നൂര്‍ കവലയിലെ ബസ് സ്റ്റോപ്പ് വരെ പോപ്പിയും പുറകെയുണ്ടാകും. ആര്‍ദ്ര ബസില്‍ കയറിയാല്‍ പോപ്പി തിരികെ വീട്ടിലേയ്ക്കും പോകും. നാലുദിവസം മുന്‍പ് ഇത്തരത്തില്‍ ഒപ്പംപോയ പോപ്പി തിരികെ വീട്ടില്‍ ചെന്നില്ല.
also read: ജയിലിലെ അടുക്കള വഴി പുറത്തുചാടി, രക്ഷപ്പെട്ടത് 19കാരനെ കൊന്ന കേസിലെ പ്രതി
വൈകീട്ടായിട്ടും തങ്ങളുടെ അരുമനായയെ കാണാതായതിനാല്‍ വീട്ടുകാര്‍ പരിഭ്രമിച്ചു. ആര്‍ദ്രയുടെ അമ്മ അജിമോള്‍ ബിനോയിയും, അച്ഛന് ബിനോയ് ജോസഫും നായയെ തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. ആര്‍ദ്രയും വലിയ വിഷമത്തിലായിരുന്നു.
വ്യാഴാഴ്ച ഉച്ചയോടെ ആര്‍ദ്ര പഠിക്കുന്ന മണര്‍കാട് ഇന്‍ഫന്റ് ജീസസ് ബഥനി കോണ്‍വെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ക്ലാസ് മുറിയുടെ മുന്നില്‍ നിന്നുള്ള നിര്‍ത്താതെയുള്ള കുര കേട്ട് ആര്‍ദ്ര നോക്കിയപ്പോഴാണ് തന്റെ പോപ്പിയെ കണ്ടത്. പോപ്പിയെ തിരിച്ചുകിട്ടിയതിന്റെ അമ്പരപ്പിലായിരുന്നു ആര്‍ദ്ര.
അപ്രതീക്ഷിതമായി നായയുടെ നിര്‍ത്താതെയുള്ള കുര കേട്ട് എല്ലാ അധ്യാപകരും കുട്ടികളും മറ്റ് ക്ലാസ് മുറികളില്‍നിന്ന് ഓടിയെത്തി. ആര്‍ദ്രയുടെ കാണാതായ നായയാണ് എത്തിയതെന്ന് അറിഞ്ഞപ്പോള്‍ ചുറ്റും കൂടിയവര്‍ക്കെല്ലാം ആശ്ചര്യം. ഇരുവരുടെയും നാല് നാളുകള്‍ക്ക് ശേഷമുള്ള കണ്ടുമുട്ടലും സ്നേഹപ്രകടവും ചുറ്റുംകൂടിയവര്‍ ഫോണില്‍ പകര്‍ത്തി.