ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദത്തിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന. ബിഎ.2.75 എന്നാണ് ഈ വകഭേദത്തിന് പേരിട്ടിരിക്കുന്നത്. പുതിയ വകഭേദം കൂടുതല്‍ തീവ്രതയുള്ളതാണോ എന്ന് ഇതുവരെ നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ല.
പുതിയ വേരിയന്റ് അതിന്റെ മുന്‍ഗാമികളെ അപേക്ഷിച്ച് കൂടുതല്‍ തീവ്രതയുള്ളതാണോ എന്ന് നിരീക്ഷിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ‘കഴിഞ്ഞ രണ്ടാഴ്ചയായി ലോകവ്യാപകമായി കോവിഡ് കേസുകളില്‍ 30 ശതമാനത്തോളം വര്‍ധനയുണ്ടായിട്ടുണ്ട്. ഡബ്ല്യുഎച്ച്ഒയുടെ ആറില്‍ നാലു സബ്റീജിയണുകളിലും കഴിഞ്ഞയാഴ്ച കേസുകളില്‍ വര്‍ധനയുണ്ടായിട്ടുണ്ട്’ – സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഘെബ്രെയെസുസ് അറിയിച്ചു.
‘യൂറോപ്പിലും അമേരിക്കയിലും ബിഎ.4, ബിഎ.5 വകഭേദങ്ങള്‍ കാര്യമായി വ്യാപിക്കുന്നു. ഇന്ത്യയില്‍ ഇതിന്റെ പുതിയ വകഭേദമായ ബിഎ.2.75 കണ്ടെത്തിയിട്ടുണ്ട്. ഇതു പരിശോധിക്കുകയാണ്’ – ഘെബ്രെയെസുസ് കൂട്ടിച്ചേര്‍ത്തു.
LIVE: Media briefing on #COVID19 and other global health issues with @DrTedros. https://t.co/HlOi10mnDI
— World Health Organization (WHO) (@WHO) July 6, 2022
ഈ വകഭേദം ഇന്ത്യയിലാണ് ആദ്യം കണ്ടതെന്നും പിന്നീട് മറ്റു 10 രാജ്യങ്ങളില്‍ കണ്ടെത്തിയെന്നും ഡബ്ല്യുഎച്ച്ഒ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ പറയുന്നു. അതേസമയം, രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ തോതില്‍ വര്‍ധനവുണ്ട്.