ന്യൂഡല്‍ഹി: കാമ്പസില്‍ നമസ്കരിച്ച അധ്യാപകനെതിരെ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകള്‍. ഉത്തര്‍പ്രദേശിലെ ശ്രീ വൈഷ്ണോയി കോളജിലാണ് സംഭവം. വിവിധ ഹിന്ദുത്വ സംഘടനകള്‍ വിദ്വേഷ പ്രചാരണം നടത്തിയതിനെതുടര്‍ന്ന് അധ്യാപകനെതിരെ കോളജ് അധികൃതര്‍ നടപടി സ്വീകരിച്ചു.
അധ്യാപകനോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ബിജെപിയും പ്രതിഷേധം സംഘടിപ്പിച്ചു.നിയമ വിഭാഗം പ്രഫസര്‍ എസ് ആര് ഖാലിദിനെതിരെയാണ് നടപടി. ഖാലിദ് ഒരു മാസത്തെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചു.
also read: ‘കിളികളോ വവ്വാലോ കഴിച്ച പഴങ്ങള്‍ കഴിക്കരുത്’; വിദ്യാര്‍ത്ഥികളോട് ആരോഗ്യമന്ത്രി
താന്‍ തിരക്കിലായതിനാലാണ് കാമ്പസില്‍ നമസ്കാരം നിര്‍വഹിച്ചതെന്ന് ഖാലിദ് കോളജ് പ്രിന്‍സിപ്പലായ അനില്‍ കുമാര്‍ ഗുപ്തയോട് പറഞ്ഞു.നമസ്കാരം നടത്തിയതല്ലാതെ ഹിന്ദുത്വ സംഘടനകള്‍ ആരോപിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികള്‍ ഖാലിദ് ചെയ്തതായി നിലവില്‍ റിപ്പോര്‍ട്ടില്ല.
അതേസമയം, അച്ചടക്കമില്ലായ്മക്ക് അദ്ധ്യാപകനെതിരെ നടപടിയെടുക്കാന്‍ ഭാരതീയ ജനതാ യുവ മോര്‍ച്ച നേതാവ് ആവശ്യപ്പെട്ടു. കോളജ് കാമ്പസിനുള്ളില്‍ നമസ്കരിക്കുന്നതിലൂടെ പ്രഫസര്‍ ‘സമാധാന അന്തരീക്ഷം തകര്‍ക്കാന്‍’ ശ്രമിക്കുകയാണെന്ന് വിദ്യാര്‍ത്ഥി നേതാവ് ദീപക് ശര്‍മ്മ ആസാദ് ആരോപിച്ചു.