ലഖ്നൗ: വിവാഹത്തിന് ഫോട്ടോഗ്രാഫര്‍ ഇല്ലെന്നറിഞ്ഞ് കല്യാണത്തില്‍ നിന്നും പിന്മാറി വധു. ഉത്തര്‍പ്രദേശിലാണ് സംഭവം. താലി ചാര്‍ത്തുന്നതിനു തൊട്ടുമുമ്പാണ്, ഫോട്ടോഗ്രാഫര്‍ സ്ഥലത്തില്ലെന്ന് വധു മനസ്സിലാക്കിയത്. തുടര്‍ന്ന് വിവാഹത്തില്‍ നിന്നും പിന്മാറുകായിരുന്നു.
കാണ്‍പൂര്‍ ദെഹാത് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ഇക്കഴിഞ്ഞ ദിവസം ഈ സംഭവം നടന്നത്. മാള്‍പൂര്‍ പൊലീസ് സ്റ്റേഷന് അതിര്‍ത്തിയിലുള്ള ഒരു ഗ്രാമത്തിലെ കര്‍ഷകന്റെ മകളായിരുന്നു വധു. തൊട്ടുത്ത ഗ്രാമമായ ഭോഗ്നിപൂരിലെ ഒരു യുവാവുമായുള്ള വിവാഹമാണ് യുവതിയുടെ വീട്ടില്‍ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തില്‍ നടക്കാനിരുന്നത്.
വിവാഹ മണ്ഡപം അതിഗംഭീരമായി തന്നെ അലങ്കരിച്ചിരുന്നു. വിവാഹത്തിനായി വരന്റെ ആള്‍ക്കാരും എത്തി. വരനും വധുവും ഒന്നിച്ച് വിവാഹ ചടങ്ങുകള്‍ക്കായി മണ്ഡപത്തിലേക്ക് കയറി. അപ്പോഴാണ് ഫോട്ടോഗ്രാഫറില്ലെന്ന് വധു അറിഞ്ഞത്. തുടര്‍ന്ന് മണ്ഡപത്തില്‍നിന്നിറങ്ങി വധു അടുത്തുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോയി.
സ്വന്തം വിവാഹം നന്നായി നടത്താനറിയാത്ത വരന്, തന്നെ എങ്ങനെ ജീവിതകാലം മുഴുവന്‍ നന്നായി നോക്കുമെന്ന് വധു ചോദിക്കുന്നു. സംഭവം ഒടുവില്‍ പൊലീസ് സ്റ്റേഷനിലെത്തുകയും ഇരു കുടുംബാംഗങ്ങളും പണവും മറ്റ് വില പിടിപ്പുള്ള സമ്മാനങ്ങളും തിരിച്ചു നല്കാന് തയ്യാറാവുകയും ചെയ്തതിനെ തുടര്‍ന്ന് പ്രശ്നം പരിഹരിക്കപ്പെട്ടു.