ചെന്നൈ: ആണ്‍വേഷത്തില്‍ ഒരു സ്ത്രീ ജീവിച്ചത് 30 വര്‍ഷം. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. തൂത്തുക്കുടിയിലെ കടുനായ്ക്കന്‍പട്ടി ഗ്രാമത്തിലെ പേച്ചിയമ്മാളാണ് മുത്തു എന്ന പേരില്‍ വര്‍ഷങ്ങളോളം ജീവിച്ചത്. ആണ് വേഷത്തില്‍ ജീവിക്കാന്‍ അവര്‍ക്ക് ഒരു കാരണമുണ്ടായിരുന്നു.
സ്വന്തം മകളെ പോറ്റി വളര്‍ത്താനായിരുന്നു ചേച്ചിയമ്മാള്‍ പുരുഷവേഷം സ്വീകരിച്ചത്. മകളോടൊപ്പം, ആണ്‍തുണയില്ലാതെ ജീവിക്കേണ്ടി വരുന്ന ചെറുപ്പക്കാരിയായ ഒരു സ്ത്രീയ്ക്ക് ഉണ്ടായേക്കാവുന്ന അനുഭവങ്ങള്‍ ഒക്കെത്തന്നെയായിരുന്നു അവള്‍ക്കും ഉണ്ടായത്. ഒടുവില്‍ തന്റെ അനുഭവം തന്റെ മകള്‍ക്ക് ഉണ്ടാകരുതെന്ന് അവള് തീര്‍ച്ചപ്പെടുത്തി.
also read: ആശുപത്രിയില്‍ പോയി മടങ്ങവെ കാറപകടം, യുവതിക്ക് ദാരുണാന്ത്യം, നാല് പേര്‍ക്ക് പരിക്ക്
അങ്ങനെ പേച്ചിയമ്മാള്‍ മുത്തുവായി മാറി. ഇരുപതാമത്തെ വയസ്സിലായിരുന്നു അവളുടെ വിവാഹം. എന്നാല്‍, വിവാഹം കഴിഞ്ഞ് 15 ദിവസങ്ങള്‍ക്ക് ശേഷം ഹൃദയാഘാതം മൂലം അവളുടെ ഭര്‍ത്താവ് മരണപ്പെട്ടു. അപ്പോള്‍ അവള് ഗര്‍ഭിണിയായിരുന്നു. മാസങ്ങള്‍ക്ക് ശേഷം അവള് ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു.
കുഞ്ഞിന്റെയും, അവളുടെയും ജീവിതം കണക്കിലെടുത്ത് വീട്ടുകാര്‍ വീണ്ടും ഒരു വിവാഹം കഴിക്കാന്‍ അവളെ നിര്‍ബന്ധിച്ചു. എന്നാല്‍, അവള് അതിന് കൂട്ടാക്കിയില്ല. അവള് കുഞ്ഞിനെ പോറ്റാനായി ജോലി അന്വേഷിച്ചിറങ്ങി. പലയിടത്തും ജോലി നോക്കിയ അവളെ പലരും ലൈംഗികമായി ദുരുപയോഗം ചെയ്യാനൊരുമ്പെട്ടു.
മകളെ ഒറ്റയ്ക്ക് വളര്‍ത്തുന്നതിനായി ആ സ്ത്രീ ഒരുപാട് കഷ്ടതകള്‍ സഹിച്ചു. ഒടുവില്‍ മറ്റ് ഗതിയില്ലാതെ, 27 -ാമത്തെ വയസ്സില്‍ അവള് ഒരു ആണായി മാറാന്‍ തീരുമാനിച്ചു. മൂന്ന് പതിറ്റാണ്ട് മുമ്പായിരുന്നു അത്. അവള് തന്റെ നീളമുള്ള മുടി മുറിച്ചു, ആണിനെപ്പോലെ തോന്നിപ്പിക്കാന്‍ ലുങ്കിയും ഷര്‍ട്ടും ധരിച്ചു, മുത്തുവായി മാറി.
പിന്നീട് ചെന്നൈ, തൂത്തുക്കുടി എന്നിവിടങ്ങളിലെ ഹോട്ടലുകളിലും, ചായക്കടകളിലും ജോലി ചെയ്തു. ഇന്നും പലര്‍ക്കും അറിയില്ല അവര്‍ ഒരു പെണ്ണാണെന്ന്.