വാക്കിലും പ്രവൃത്തിയിലും മറ്റുള്ളവരോട് ദയയും കരുതലും കാത്തുസൂക്ഷിക്കുന്ന മനുഷ്യര്‍ അപൂര്‍വമായിരിക്കും. അത്തരത്തില്‍ മനസ്സില്‍ നന്മയുടെ ഒരു സ്ത്രീയുടെ വാര്‍ത്തയാണ് ഇന്ന് മാധ്യമങ്ങള്‍ നിറയെ. പ്രിയ സിങ് എന്നാണ് ആ സ്ത്രീയുടെ പേര്. എയര്‍പോര്‍ട്ടില്‍ നിന്നുള്ള യാത്രയ്ക്കിടെ യൂബര്‍ ഡ്രൈവര്‍ക്ക് നമസ്കാരത്തിന് അവസരമൊരുക്കി കൊടുക്കുകയായിരുന്നു പ്രിയ.
പ്രിയ തന്നെയാണ് ഈ വിവരം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. കാറിന്റെ പിന്‍സീറ്റില്‍ ഡ്രൈവര്‍ നമസ്കരിക്കുന്ന ചിത്രവും പ്രിയ പങ്കുവച്ചു. ഇതാണ് ഇന്ത്യയുടെ രീതി എന്നാണ് അച്ഛന് പഠിപ്പിച്ചതെന്നും പ്രിയ കുറിച്ചു. അടിസ്ഥാനപരമായി മനുഷ്യത്വമുണ്ടായിരിക്കണം എന്ന് ഓര്‍മിപ്പിക്കാനാണ് താന്‍ ഈ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്നതെന്നും പ്രിയ പറയുന്നു.
പ്രിയ പങ്കുവെച്ച കുറിപ്പ്
‘ഞാന്‍ എയര്‍പോര്‍ട്ടില്‍ നിന്നു ഒരു യൂബര്‍ വിളിച്ചു. അപ്പോള്‍ അദ്ദേഹത്തിന്റെ മൊബൈല്‍ ശബ്ദിക്കുന്നത് കേട്ടു. താങ്കള്‍ക്ക് ഇഫ്താറിനു സമയമായോ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. ഇന്ന് റോഡിലായിരിക്കും ഇഫ്താറെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. താങ്കള്‍ക്കു പ്രാര്ഥിക്കേണ്ടെ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം എനിക്കു സാധിക്കുമോ എന്ന് തിരിച്ചു ചോദിച്ചു. ഞങ്ങള്‍ കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തു. ഞാന്‍ മുന്‍സീറ്റിലിരുന്ന് അദ്ദേഹം പിന്‍സീറ്റിലേക്കു മാറി പ്രാര്‍ഥിച്ചു.
‘ഇങ്ങനെയാണ് ഇന്ത്യ എന്നാണ് അച്ഛന് എന്നെ പഠിപ്പിച്ചത്. മതേതര ഐക്യത്തെക്കുറിച്ച് നമ്മള് എപ്പോഴും സംസാരിക്കാറുണ്ട്. അതുകൊണ്ടു തന്നെ അടിസ്ഥാനപരമായി മനുഷ്യത്വമുണ്ടായിരിക്കണം എന്ന് ഓര്‍മിപ്പിക്കാനാണ് ഞാന്‍ ഈ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്നത്.