നാല്‍പ്പത്തിനാലാം വയസ്സില്‍ വിധവയായ അമ്മയെ അമ്പത്തിരണ്ടാം വയസ്സില്‍ ഇഷ്ടപ്പെട്ട പുരുഷനെ കൊണ്ട് വിവാഹം കഴിപ്പിച്ച് മകന്. ഒരു മകന് അമ്മയ്ക്ക് നല്കാവുന്ന ഏറ്റവും മികച്ച സമ്മാനം നല്‍കിയതിന്റെ നിര്‍വൃതിയിലാണ് ജിമീത് ഗാന്ധി എന്നയാള്‍ ഇപ്പോള്‍.
അമ്മയെക്കുറിച്ച് ജീമിത്ത് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് വായനക്കാരുടെ ഹൃദയം കീഴടക്കുകയാണ്. രണ്ട് മാരക വിപത്തുകളെ അതിജീവിച്ച വ്യക്തിയാണ് ജിമീത്തിന്റെ അമ്മ. ആദ്യം കാന്‍സര്‍ എന്ന രോഗത്തെ. പിന്നീട് കടുത്ത വിഷാദത്തെ. അതുകൊണ്ടും അവരുടെ പോരാട്ടം തീരുന്നില്ല.
യോദ്ധാവ് എന്നാണ് മകന് അമ്മയെ വിളിക്കുന്നത്. പോരാളി എന്നും. അവരുടെ ജീവിതത്തിലെ കഷ്ടപ്പാടുകളെക്കുറിച്ച് അറിയുമ്പോള്‍ ആ വാക്കുകള്‍ എത്രമാത്രം സത്യമാണെന്ന് എല്ലാവര്ക്കും ബോധ്യപ്പെടും. 2013 ലാണ് ജിമീത്തിന്റെ അമ്മയ്ക്ക് ഭര്‍ത്താവിനെ നഷ്ടപ്പെടുന്നത്. 2019 ല്‍ കാന്‍സര്‍ എന്ന രോഗം മാറിടത്തെ പൂര്‍ണമായി ആക്രമിച്ചിരിക്കുന്നു എന്ന സത്യം തരിച്ചറിഞ്ഞു.
രണ്ടു വര്‍ഷത്തോളം നീണ്ടുനിന്ന കീമോതെറപ്പി ഉള്‍പ്പെടെയുള്ള ചികിത്സകള്‍. ഇപ്പോഴിതാ രോഗക്കിടക്കയില്‍ നിന്ന് ആഹ്ലാദത്തോടെ അവര്‍ തിരിച്ചുവന്നിരിക്കുന്നു. പുതുജീവിതത്തിലേക്ക് കാലെടുത്തുവയ്ക്കുന്നു. കാന്‍സര്‍ ചികിത്സയ്ക്കിടെ കോവിഡും അവരെ ആക്രമിച്ചിരുന്നു. വിഷാദം അവരെ വരിഞ്ഞുമുറുക്കിയിരുന്നു.
ഏതാണ്ട് ഒറ്റയ്ക്കാണ് പൊരുതിയത്. മക്കളെല്ലാം വിദേശത്ത് തിരക്കിട്ട ജോലികളിലായിരുന്നു. എന്നാല്‍ തളരില്ല എന്ന ഉറച്ച തീരുമാനത്തിലായിരുന്നു അവര്‍. ഇഷ്ടപ്പെട്ട പുരുഷനെ അവര്‍ തന്നെയാണു കണ്ടെത്തിയത്. 52-ാം വയസ്സില്‍ പുനര്‍വിവാഹം.
മകന് ഇന്ത്യയിലെ തന്റെ തലമുറയിലുള്ളവരോട് ഒരു അപേക്ഷയും സമര്‍പ്പിച്ചിട്ടുണ്ട്. നിങ്ങള്‍ക്കാര്‍ക്കെങ്കിലും ഒറ്റപ്പെട്ട അച്ഛനോ അമ്മയോ ആണുള്ളതെങ്കില്‍ വീണ്ടും വിവാഹം കഴിക്കാന്‍ അവരെ പ്രേരിപ്പിക്കണം. ഒറ്റപ്പെട്ടുപോകരുത് ആരും. തനിച്ചല്ല ആരും. സ്നേഹം വീണ്ടും കണ്ടെടുക്കാവുന്നതാണ്. രോഗങ്ങളെ പിന്നിലാക്കാവുന്നതാണ്. ഒരുമിച്ചു നിന്നാല്‍ ജീവിതത്തില്‍ സന്തോഷം സാധ്യമാണ്- ജിമിത്ത് എഴുതുന്നു.