ന്യൂഡല്‍ഹി: നാട്ടിലേക്ക് പോകുമ്പോള്‍ തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയെ കൂടി കൊണ്ടുപോകാന്‍ സഹായം അഭ്യര്‍ത്ഥിക്കുകയാണ് യുക്രെയ്നിലെ ഇന്ത്യന്‍ വിദ്യാര്‍ഥി. മൂന്നാംവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ റിഷഭ് കൗശിക് ആണ് തന്റെ ‘മലിബു’ എന്ന വളര്‍ത്തുനായയെ രക്ഷപ്പെടുത്താന്‍ ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയത്.
ഖാര്‍കീവിലെ നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ റേഡിയോ ഇലക്ട്രോണിക്സ് വിദ്യാര്‍ഥിയാണ് റിഷഭ്. വളര്‍ത്തുനായയെ ഒപ്പം കൂട്ടാനാവശ്യമായ രേഖകള്‍ ഇല്ലാത്തതാണ് റിഷഭ് നേരിടുന്ന പ്രധാന പ്രശ്നം. ആവശ്യമായ രേഖകള്‍ക്കായി ഇന്ത്യന്‍ സര്‍ക്കാറിന്റെ അനിമല്‍ ക്വാറന്റീന് ആന്‍ഡ് സര്ട്ടിഫിക്കേഷന് സര്‍വീസുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
റിഷഭ് സമൂഹമാധ്യമങ്ങളില്‍ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. ഇതില്‍ താന്‍ നേരിട്ടുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകള്‍ റിഷഭ് വിവരിക്കുന്നു. എല്ലാവരും തന്നോട് എയര്ടിക്കറ്റെവിടെ എന്നാണ് ചോദിക്കുന്നത്. പ്രശ്നം വിശദീകരിച്ചുകൊണ്ട് ഡല്‍ഹി ഇന്ദിരാഗാന്ധി വിമാന താവള അധികൃതരെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്ന് റിഷഭ് പറഞ്ഞു.
എന്നാല്‍ തനിക്ക് നേരെ അധിക്ഷേപം ചൊരിയുകയാണ് ഉദ്യോഗസ്ഥന് ചെയ്തതെന്നും സഹായിക്കാന്‍ ശ്രമിച്ചില്ലെന്നും റിഷഭ് വിഡിയോയില്‍ വ്യക്തമാക്കി. തനിക്ക് അനൂകലമായ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് റിഷഭ്.