തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്ന സംഭവം നാടിനെ നടുക്കിയിരുന്നു. കേസിലെ പ്രതി അജീഷ് നാട്ടില്‍ 2 പേരെ കൂടി കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായി മൊഴി. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് അജീഷ് ഇക്കാര്യം പറഞ്ഞത്.
ഗുണ്ടയെന്ന പേരില്‍ പ്രശസ്തനാവാന്‍ വേണ്ടിയാണ് നഗരമധ്യത്തില്‍ വെച്ച് ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ പട്ടാപ്പകല്‍ കൊലപ്പെടുത്തിയതെന്നും അജീഷ് മൊഴി നല്കി. അറിയപ്പെടുന്ന ഗുണ്ടയാകാനായിരുന്നു ആഗ്രഹം. പട്ടാപ്പകല്‍ ഒരാളെ വെട്ടിക്കൊലപ്പെടുത്തിയതോടെ ഇനി എല്ലാവരും തന്നെ ഭയക്കുമെന്നും ചോദ്യം ചെയ്യലില്‍ അജീഷ് പറഞ്ഞതായി പൊലീസ് പറയുന്നു.
also read: ഫ്ലാറ്റിന്റെ മുകളില്‍ നിന്ന് വീണ് ഡോക്ടര്‍ മരിച്ച നിലയില്‍
അസഭ്യം പറഞ്ഞതിന്റേയും മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിന്റെയും വിരോധമാണ് ഹോട്ടല്‍ റിസപ്ഷനിസ്റ്റ് നാഗര്‍കോവില്‍ കോട്ടാര്‍ ചെട്ടിത്തെരുവില്‍ നീലനെ കൊലപ്പെടുത്തിയതിന് പിന്നിലെന്ന് അജീഷ് ആവര്‍ത്തിച്ചു. നീലന് മരിച്ച വിവരം പൊലീസ് കസ്റ്റഡിയിലിരിക്കെ അറിഞ്ഞ പ്രതി പൊട്ടിച്ചിരിച്ചാണ് പ്രതികരിച്ചത്.
ലഹരിമരുന്നിന്റെ അമിത ഉപയോഗത്തെ തുടര്‍ന്ന് ഉന്മാദ അവസ്ഥയിലാണ് പ്രതിയെന്നു പൊലീസ് പറഞ്ഞു. ഇയാളുടെ വീടിനടുത്തുള്ള രണ്ട് പേരെയും അജീഷ് കൊല്ലാന്‍ പദ്ധതിയിട്ടു. സുഹൃത്തുക്കളായിരുന്ന ഇവര്‍ തെറ്റിപ്പിരിഞ്ഞതിന്റെ വിരോധത്തിലാണ് ഇരുവരെയും കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.