ഭുവനേശ്വര്‍: ജീവനെപ്പോലെ സനേഹിച്ച പങ്കാളിയെ കോവിഡ് തട്ടിയെടുത്തപ്പോള്‍ മനസ്സുതകര്ന്നെങ്കിലും സഹജീവികളോടുള്ള നന്മ വറ്റാതെ യുവതി. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായപ്പോള്‍ ചികിത്സാ സഹായമായി ലഭിച്ച 30 ലക്ഷം രൂപ പാവപ്പെട്ടവരുടെ ചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരിക്കുകയാണ് മൗസുമി.
ഒഡിഷയിലെ ഭുവനേശ്വറിലാണ് സംഭവം. വിവാഹം കഴിഞ്ഞ് വെറും ആറുമാസത്തിനുള്ളിലാണ് 23കാരി മൗസുമിക്ക് ഭര്‍ത്താവ് അഭിഷേകിനെ നഷ്ടമായത്. വിവാഹം കഴിഞ്ഞ് 12ാം ദിവസം അഭിഷേകിന് കോവിഡ് ബാധിച്ചു. ആശുപത്രിയിലെത്തിക്കുമ്പോള്‍ അഭിഷേകിന്റെ ശ്വാസകോശത്തെ സാരമായി ബാധിച്ചിരുന്നു.
ചികിത്സാ ചിലവു കൂടിയപ്പോള്‍ ഭര്‍ത്താവിന്റെ ജീവന് രക്ഷിക്കുന്നതിനായി മൗസുമി സമൂഹമാധ്യമങ്ങളിലൂടെ അഭ്യര്‍ഥനയുമായി എത്തി. ഇതുവഴി നല്ലൊരു തുക അവര്‍ക്ക് സമാഹരിക്കാന്‍ സാധിച്ചു. തുടര്‍ന്ന് അഭിഷേകിന്റെ ചികിത്സ ഒഡിഷയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കു മാറ്റി.
എന്നാല്‍ മൗസുമിയെ തനിച്ചാക്കി അഭിഷേക് യാത്രയായി. ചികിത്സയ്ക്കിടെയായിരുന്നു അഭിഷേകിന്റെ അന്ത്യം. അഭിഷേക് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന എല്ലാ പ്രതീക്ഷകളും അവസാനിച്ചതോടെ മൗസുമി തകര്‍ന്നു. എന്നാല്‍ തനിക്ക് നേരിട്ട വേദന മറ്റൊരാള്ക്കുണ്ടാവാതിരിക്കാന് ഇറങ്ങുകയായിരുന്നു പിന്നീട് ഈ യുവതി.
ഭര്‍ത്താവിന്റെ ചികിത്സയ്ക്കു ശേഷം ബാക്കി വന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും റെഡ്ക്രോസ് സൊസൈറ്റിയിലേക്കും സംഭാവന നല്കി. കോവിഡ് മഹാമാരി മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങള്‍ക്കു സഹായമാകാനാണ് ഇങ്ങനെ ചെയ്തതെന്നും മൗസുമി വ്യക്തമാക്കി. മൗസുമി മോഹന്തി ലോകത്തിന് തന്നെ മാതൃകയാകുകയാണ്.