എടക്കര: ശാരീരിക വൈകല്യം കാരണം കോളേജില്‍ പോകാനാവാതെ വിഷമത്തിലായ അജിത്തിന് സഹായവുമായി നിലമ്പൂര്‍ സഹകരണ അര്‍ബന്‍ ബാങ്ക്. മുച്ചക്ര ബൈക്കില്‍ ഇനി അജിത്തിന് കോളജില്‍ പോകാം.
ചുങ്കത്തറ മാര്‍ത്തോമ്മാ കോളജിലെ ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ അജിത്തിന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു ഒരു മുച്ചക്ര ബൈക്ക്. നിലമ്പൂര്‍ സഹകരണ അര്‍ബന്‍ ബാങ്കിന്റെ സഹായത്തോടെ ആ ആഗ്രഹം സഫലമായി.
ബാങ്ക് ചെയര്മാന് ആര്യാടന് ഷൗക്കത്ത് മരുത മുണ്ടപ്പൊട്ടിയിലെ അജിത്തിന്റെ വീട്ടിലെത്തി ബൈക്ക് കൈമാറി. മുച്ചക്ര വാഹനം കിട്ടിയാല്‍ കോളജില്‍ പോകാന്‍ സൗകര്യമായിരുന്നുവെന്ന അജിത്തിന്റെ ആഗ്രഹം വാര്‍ത്തയായതിനെ തുടര്‍ന്നാണ് ബാങ്ക് സഹായഹസ്തവുമായി എത്തിയത്.
താക്കോല്‍ദാന ചടങ്ങില്‍ സിയു ഏലിയാസ് അധ്യക്ഷത വഹിച്ചു. അസീസ് പുളിയഞ്ചാലി, ജയ്മോള്‍, സികെ അബ്ദുല്‍ നാസര്‍, എപി അര്ജുന്, അജിത്ത് ചെമ്മനം, ഫറൂഖ് കരുളായി, നിഷാദ് എടക്കര, അഭിനന്ദ്, അസീദ്, ജാസര്‍ കരുളായി, സ്റ്റബിന് എന്നിവര്‍ പങ്കെടുത്തു.
അജിത്തിന്റെ സഹായത്തിനു മാര്‍ത്തോമ്മാ കോളജിലെ വിരമിച്ച അധ്യാപകരുടെ കൂട്ടായ്മ തയാറാണെന്ന് മുന്‍ പ്രിന്‍സിപ്പല്‍ പ്രഫ. എം തോമസ് മാത്യു അറിയിച്ചു. കോളജിന്റെ നേതൃത്വത്തിലും സഹായം നല്‍കാമെന്ന് പ്രിന്‍സിപ്പല്‍ ഡോ. രാജീവ് തോമസും വ്യക്തമാക്കി. എടക്കര സ്കൈസൂം സൂപ്പര്‍ മാര്‍ക്കറ്റ്, കാരാട്ട് കുറീസ് എന്നീ സ്ഥാപനങ്ങളും സഹായ വാഗ്ദാനവുമായി എത്തി.