ചെന്നൈ: വിവാഹത്തലേന്ന് കരണത്തടിച്ച വരനെ ഉപേക്ഷിച്ച് ബന്ധുവിനെ വിവാഹം ചെയ്ത് യുവതി. തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലെ പാന്‍ട്രുത്ത് എന്ന സ്ഥലത്താണ് സംഭവം. താന്‍ ചെയ്തത് തെറ്റായിപ്പോയെന്ന് വരന് കാല്‍ക്കല്‍വീണ് പറഞ്ഞിട്ടും വധു കല്യാണം വേണ്ടെന്ന് തന്നെ ഉറപ്പിച്ചു പറയുകയായിരുന്നു.
എം എസ് സി യോഗ്യതയുള്ള യുവതിയുടെയും ചെന്നൈയില്‍ സോഫ്റ്റ് വെയര്‍ ഉദ്യോഗസ്ഥനുമായുള്ള വിവാഹമാണ് മുടങ്ങിയത്. വിവാഹത്തിന് തലേദിവസം നടത്തിയ വിരുന്നിനിടെയാണ് വരന് വധുവിന്റെ കരണത്തടിച്ചത്. വിരുന്നില്‍ യുവതി ബന്ധുവായ യുവാവുമൊത്ത് നൃത്തം ചെയ്തത് വരന് ഇഷ്ടപ്പെട്ടില്ല.
also read: അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിച്ച് പ്രിയനടി ഭാവനയും നവീനും, ചിത്രം ഏറ്റെടുത്ത് ആരാധകര്‍
തുടര്‍ന്ന് പരസ്യമായി യുവതിയുടെ കരണത്തടിച്ചു. ഇതോടെ കുപിതയായ യുവതി വിവാഹത്തില്‍ തനിക്ക് താല്പര്യമില്ലെന്ന് മാതാപിതാക്കളെ അറിയിച്ചു. വധുവിന്റെ അച്ഛന്റെ കാല്ക്കല് വീണ് വരന് ക്ഷമാപണം നടത്തിയെങ്കിലും വധു കൂട്ടാക്കിയില്ല.
തുടര്‍ന്ന് ബന്ധുവായ യുവാവിനെ വിഴുപുരത്ത് നിന്ന് വിവാഹത്തിനായി വിളിച്ചുവരുത്തി. യുവാവ് വിവാഹം ചെയ്യാമെന്ന് സമ്മതിച്ചു. തുടര്‍ന്ന് യുവതിയുടെ വിവാഹം നിശ്ചയിച്ച അതേ വേദിയില്‍ അതേ ദിവസം വീട്ടുകാര്‍ വിവാഹം നടത്തി.