ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം റിപ്പോര്‍ട്ട് ചെയ്ത പുതിയ രോഗികളുടെ എണ്ണം ഒന്നര ലക്ഷത്തിലധികമാണ്. മരണ സംഖ്യയിലും വലിയ ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം മാത്രം രേഖപ്പെടുത്തിയത് 1,59,632 കേസുകള്‍ ആണ്. 327 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് ഒരിടവേളയ്ക്ക് ശേഷം 10 ശതമാനം പിന്നിടുന്ന അവസ്ഥയും ഉണ്ടായി. 10.21 ശതമാനമാണ് ഇന്നലെത്തെ പോസിറ്റിവിറ്റി നിരക്ക്.
ഇതോടെ രാജ്യത്തെ നിലവില്‍ ആക്ടീവ് കേസുകളുടെ എണ്ണം 5,90,661 എന്ന നിലയിലെത്തി. 327 മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ ഇതുവരെയുള്ള കൊവിഡ് മരണങ്ങള് 483790 ആയി ഉയര്‍ന്നിട്ടുണ്ട്. 40,863 പേരാണ് ഇന്നലെ രോഗ മുക്തരായത്. രോഗവ്യാപനത്തിന്റെ തോത് കുതിച്ചുയര്‍ന്നതോടെ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളും കര്‍ശനമാക്കി.
also read: കോവിഡ് ബാധിച്ചതിന് പിന്നാലെ ആരോഗ്യനില മോശമായി, നടന് സത്യരാജ് ആശുപത്രിയില്‍
മഹാരാഷ്ട്ര, ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ മൂന്നാം തരംഗം രൂക്ഷമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 41,434 പേര്‍ക്കാണ് മഹാരാഷ്ട്രിയില്‍ രോഗം സ്ഥിരീകരിച്ചത്. മുംബൈയില്‍ മാത്രം ടിപിആര്‍ 28 ശതമാനം കടന്നതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
ഈ സാഹചര്യത്തില്‍ തിങ്കളാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. 10,12 ക്ലാസുകള്‍ ഒഴികെ സ്കൂളുകളും കോളേജുകളും ഫെബ്രുവരി 15 വരെ അടച്ചിടാനും ഹോട്ടലുകള്‍ റസ്റ്ററന്റുകള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ 50 ശതമാനം പേര്‍ക്ക് മാത്രമാകും പ്രവേശനം അനുവദിക്കുകയെന്നും മഹാരാഷ്ട്ര അറിയിച്ചു. തമിഴ്നാട്ടില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
അതേസമയം കേരളം പൂര്‍ണ്ണമായ അടച്ചിടലിലേക്ക് പോകില്ലെന്നാണ് ആരോഗ്യ മന്ത്രി മാധ്യമങ്ങളെ അറിച്ചത്. പൂര്‍ണമായ അടച്ചിടല്‍ ജനജീവിതത്തെ ബാധിക്കും. കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രാഥമിക കൊവിഡ് ചികില്‍സാ കേന്ദ്രങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ കണ്ടുവയ്ക്കാന്‍ ഡിഎംഒ മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.