ന്യൂഡല്‍ഹി: രാജ്യത്തെ പല നഗരങ്ങളിലും പടരുന്നത് ഒമൈക്രോണ്‍ വകഭേദമെന്ന് കേന്ദ്ര സര്‍ക്കാര്‍. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വൈറസ് വ്യാപനം കുറയ്ക്കാന്‍ ആളുകള്‍ ഒത്തുചേരുന്നത് ഒഴിവാക്കണമെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ ബല്‍റാം ഭാര്‍ഗവ പറഞ്ഞു.
അതേസമയം, ജനുവരി പത്തുമുതല്‍ വിതരണം ചെയ്യുന്ന കരുതല്‍ വാക്സിന് സംബന്ധിച്ച് വ്യക്തത വന്നു. നേരത്തെ രണ്ടു ഡോസായി ലഭിച്ച വാക്സിന് തന്നെയാണ് കരുതല്‍ വാക്സിനായി നല്‍കുക എന്ന് വിദഗ്ധ സമിതി അംഗം ഡോ വി കെ പോള്‍ പറഞ്ഞു.
നേരത്തെ കോവാക്സിന് ആണ് ലഭിച്ചതെങ്കില്‍ കരുതല്‍ വാക്സിനായി അതുതന്നെയാണ് നല്‍കുകയെന്നും കോവിഷീല്‍ഡാണെങ്കില്‍ വീണ്ടും കോവിഷീല്‍ഡ് വാക്സിന് തന്നെ ലഭിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 108 പേര് ആഗോളതലത്തില്‍ ഒമൈക്രോണ്‍ ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു.
രാജ്യത്ത് മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഡല്‍ഹി, കേരള, തമിഴ്നാട്, കര്‍ണാടക, ഝാര്‍ഖണ്ഡ്, ഗുജറാത്ത് തുടങ്ങിയ ഇടങ്ങളിലെ കോവിഡ് സ്ഥിതിഗതികള്‍ ആശങ്ക ഉളവാക്കുന്നതാണ്. ഇവിടെ കോവിഡ് കേസുകള്‍ ഉയരുകയാണ്. രാജ്യത്തെ 28 ജില്ലകളില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണെന്നും ലാവ് അഗര്‍വാള്‍ പറഞ്ഞു.