ന്യൂഡല്‍ഹി: ഒമൈക്രോണിനെതിരെ ജാഗ്രത നിര്‍ദേശം നല്കി കേന്ദ ആരോഗ്യമന്ത്രാലയം. ഡെല്‍റ്റ വകഭേദത്തെക്കാള്‍ മൂന്നിരട്ടി വ്യാപനശേഷിയുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ടിപിആര്‍ പത്ത് ശതമാനത്തില്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്കി.
കര്‍ശന നിരീക്ഷണവും പരിശോധനയും ജില്ലാ പ്രാദേശിക അടിസ്ഥാനത്തില്‍ ഉറപ്പാക്കണം. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. രാജ്യത്ത് ഇതുവരെ 200 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
also read: പഠിക്കാതിരുന്നതിന് വഴക്കുപറഞ്ഞു, വീടുവിട്ടിറങ്ങിയ 13കാരി ആറ്റില്‍ മരിച്ച നിലയില്‍
മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ് ഏറ്റവുമധികം പേര്‍ക്ക് ഒമൈക്രോണ്‍ ബാധിച്ചത്. 54 പേര്‍ക്ക് വീതം. തെലങ്കാനയില്‍ 20 പേര്‍ക്ക് രോഗബാധ കണ്ടെത്തിയപ്പോള്‍ കര്‍ണാടകയില്‍ 19 പേര്‍ക്കും രാജസ്ഥാനില്‍ 18 പേര്‍ക്കുമാണ് രോഗം പിടിപെട്ടത്.
കേരളത്തില്‍ 15 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഗുജറാത്ത് 14, ഉത്തര്‍പ്രദേശ് രണ്ട് തുടങ്ങി 12 സംസ്ഥാനങ്ങളില്‍ ഒമൈക്രോണ്‍ വ്യാപിച്ചതായി ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഒമൈക്രോണ്‍ സ്ഥിരീകരിച്ച 80 ശതമാനം പേരിലും രോഗലക്ഷണങ്ങളില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്നലെ രാജ്യസഭയെ അറിയിച്ചിരുന്നു.