കവര്‍ച്ചാശ്രമത്തിനിടെ അക്രമികള്‍ സ്ത്രീയെ ഏറെ ദൂരം വലിച്ചിഴയ്ക്കുന്നതിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇതോടെ ഡല്‍ഹിയില്‍ സ്ത്രീ സുരക്ഷ സംബന്ധിച്ച ചര്‍ച്ച വീണ്ടും സജീവമാകുകയാണ്. സ്കൂട്ടറിലെത്തിയ അക്രമികള്‍ മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കാനാണ് സ്ത്രീയെ ഏറെ ദൂരം വലിച്ചിഴച്ചത്.
വ്യാഴാഴ്ച വൈകിട്ട് ഷാലിമാര്‍ ബാഗ് മേഖലയിലാണ് സംഭവം. അതിവേഗത്തില്‍ സ്കൂട്ടര്‍ വളവ് തിരിഞ്ഞെത്തുന്നതാണ് ദൃശ്യത്തിലുള്ളത്. പിന്‍സീറ്റിലിരുന്നയാള്‍ ഒരാളെ പിടിച്ചിരിക്കുന്നതും വലിച്ചിഴയ്ക്കുന്നതും കാണാം. വളവ് തിരിഞ്ഞ് പ്രധാന റോഡിലെത്തിയപ്പോള്‍ ഇയാള്‍ കൈവിട്ടതോടെ സ്ത്രീ തലയടിച്ചു റോഡിന് നടുവില്‍ വീഴുന്നതു കാണാം.
also read: ഏഴുമാസം ഗര്‍ഭിണിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍
സംഭവം കണ്ട് അമ്പരന്നു പോയ ആളുകള്‍ സ്ത്രീയുടെ അടുത്തേക്ക് ഓടിയെത്തി. റോഡിലൂടെ എത്തിയ വാഹനങ്ങള്‍ പെട്ടെന്ന് നിര്‍ത്തിയതിനാല്‍ വന്‍അപകടം ഒഴിവായി. സ്ത്രീയെ 150 മീറ്ററോളം വലിച്ചിഴച്ചെന്നാണ് റിപ്പോര്‍ട്ട്. ഷാലിമാര്‍ ബാഗിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ ഇവരെ അതേ ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിച്ചു.