ചെന്നൈ: കൂനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച രാജ്യത്തിന്റെ വീര സൈനികര്‍ക്ക് പൂക്കള്‍ വിതറി ആദരമര്‍പ്പിച്ച് തമിഴ് ജനത. സൈനികര്‍ക്ക് യാത്ര നല്കാന് റോഡിന്റെ ഇരുവശത്തുമാണ് ജനങ്ങള്‍ കാത്തുനിന്നത്. വലിയ ജനക്കൂട്ടമാണ് എത്തിയത്.
സൈനികരുടെ ഭൗതികശരീരങ്ങളുമായി പോയ ആംബുലന്‍സുകളിലേക്ക് വഴിയുടെ ഇരുവശവും കൂടി നിന്ന ജനങ്ങള്‍ പൂക്കള്‍ വിതറി ആദരം നല്കി. കടന്നു പോയ ആംബുലന്‍സുകളിലേക്ക് പൂക്കള്‍ വാരി വിതറി സൈനികര്‍ക്ക് അവര്‍ ജയ് വിളിച്ചു. ഊട്ടി വെല്ലിങ്ടന്‍ മദ്രാസ് റെജിമെന്റ് സെന്ററില്‍ പൊതുദര്‍ശനത്തിനു ശേഷം ഭൗതികശരീരം ഡല്‍ഹിയിലേക്കു കൊണ്ടുപോകാനായി സുലൂര്‍ വ്യോമകേന്ദ്രത്തിലേക്കു പോകുമ്പോഴാണ് ജനങ്ങള്‍ റോഡരികില്‍ കാത്തുനിന്നത്.
Also Read: ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു, താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും
ഊട്ടി കൂനൂരിന് അടുത്ത് കാട്ടേരി ഹോട്ടികള്‍ചര്‍ പാര്‍ക്കിനു സമീപം നഞ്ചപ്പസത്രത്തിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. അപകടത്തില്‍ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തും ഭാര്യ മധുലികയും ഉള്‍പ്പെടെ കോപ്റ്ററിലുണ്ടായിരുന്ന 14ല്‍ 13പേരും മരിച്ചു.
ഗുരുതരമായി പരുക്കേറ്റ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിനെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍ ചികില്‍സയിലാണ്. കോയമ്പത്തൂരില്‍നിന്ന് ബുധനാഴ്ച പകല്‍ 11.47ന് പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ ഉച്ചയ്ക്കു 12.20നാണ് തകര്‍ന്നുവീണത്.