പുതുച്ചേരി: പുതുച്ചേരിയില്‍ വീടിനുള്ളില്‍ ഉണ്ടായ വന്‍ സ്ഫോടനത്തില്‍ എട്ട് പേര്‍ക്ക് പരിക്ക്. പുലര്‍ച്ചെയോടെയായിരുന്നു അപകടമുണ്ടായത്. മുതിയാല്‍പേട്ട അങ്കാലമ്മന് നഗര്‍ ഒന്നാം സ്ട്രീറ്റില്‍ ശ്രീനിവാസന് എന്നയാളുടെ വീട്ടിലാണ് സ്ഫോടനമുണ്ടായത്.ശ്രീനിവാസന്, ഭാര്യ ജ്യോതി, മകള്‍ ഏഴിലരശി, കൊച്ചുമക്കള്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.
സ്ഫോടനത്തില്‍ വീട് പൂര്‍ണമായും തകന്നിട്ടുണ്ട്. വീടിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് ബിജെപി പ്രാദേശിക ഘടകം ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ശ്രീനിവാസന്റെ ബന്ധുവും പ്രാദേശിക ബിജെപി പ്രവര്‍ത്തകനുമായ സുരേഷ് കഴിഞ്ഞ ദിവസം ഇവിടെ സുഹൃത്തുക്കള്‍ക്കൊപ്പം സ്വന്തം പിറന്നാള്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചിരുന്നു. ഈ കെട്ടിടത്തിനും സ്ഫോടനത്തില്‍ നാശം സംഭവിച്ചിട്ടുണ്ട്.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കാരണം അന്വേഷിച്ച് വരികയാണെന്നും പോണ്ടിച്ചേരിയുടെ ക്രമസമാധാന ചുമതലയുള്ള സീനിയര്‍ എസ്പി ആര്.ലോഗേശ്വരന്‍ അറിയിച്ചു.