ചെന്നൈ: അറിയാതെ മുത്തച്ഛന്റെ മദ്യം എടുത്ത് കുടിച്ച 5 വയസ്സുകാരന് ദാരുണാന്ത്യം. തമിഴ്നാട്ടിലെ അണ്ണാ നഗറിലെ കന്നിക്കോയില്‍ എന്ന സ്ഥലത്താണ് ദാരുണ സംഭവം. ജ്യൂസാണെന്ന് കരുതിയാണ് കുട്ടി മദ്യം കുടിച്ചത്. ഇതു കണ്ടു നിന്ന മുത്തച്ഛനും കുഴഞ്ഞുവീണ് മരിച്ചു.
രുകേഷ് എന്ന അഞ്ച് വയസ്സുകാരനാണ് മരിച്ചത്. പിന്നാലെ മുത്തച്ഛന് ഛിന്നസാമിയും മരിച്ചു. ബ്രാന്‍ഡി കുടിച്ചിട്ട് മുത്തച്ഛന് കുപ്പിയില്‍ കുറച്ച് ബാക്കി വെച്ചിരുന്നു. ജ്യൂസാണെന്ന് തെറ്റിദ്ധരിച്ച് രുകേഷ് ഇത് എടുത്ത് കുടിക്കുകയായിരുന്നു. എന്നാല്‍ കുറച്ച് കഴിഞ്ഞപ്പോള്‍ കുട്ടി ഛര്‍ദ്ദിക്കാന്‍ തുടങ്ങി.
ഇതു കണ്ട ആസ്ത്മ രോഗിയായ ഛിന്നസാമി കുഴഞ്ഞുവീണു. രണ്ടുപേരെയും രുകേഷിന്റെ മാതാപിതാക്കള്‍ ആശുപത്രിയിലെത്തിച്ചു. ഛിന്നസാമി അപ്പോഴേക്ക് മരിച്ചിരുന്നു. രുകേഷിനെ വിദഗ്ധ ചികില്‍സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ രാത്രിയോടെ രുകേഷും മരിച്ചു.