ബംഗളൂരു: ബംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചവരില്‍ മലയാളിയായ ഡോക്ടറും. ഡെന്റല്‍ ഡോക്ടറായ ധനുഷ പടിക്കലാണ്(26) മരണപ്പെട്ടത്. ഏഴുപേരാണ് അപകടത്തെ തുടര്‍ന്ന് മരണപ്പെട്ടത്. നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ കെട്ടിടത്തിന്റെ മതിലിലിടിച്ചാണ് അപകടമുണ്ടായത്.
തമിഴ്നാട് ഹൊസൂര്‍ ഡിഎംകെ എംഎല്‍എ വൈ പ്രകാശിന്റെ മകനും മരുമകളും മരിച്ചവരില്‍ ഉള്‍പ്പെടും. കുറ്റിപ്പുറം തവനൂര്‍ കടകശ്ശേരി പടിക്കല്‍ വീട്ടില്‍ മുരളീദാസ് പടിക്കലിന്റെ മകളാണ് മരിച്ച ധനുഷ. വൈ പ്രകാശിന്റെ മകന് കരുണ സാഗര്‍ പ്രകാശ് (28), ഭാര്യ ഡോ. സി ബിന്ദു (28), സുഹൃത്തുക്കളായ അക്ഷയ് ഗോയല്‍ (24), ഹുബ്ബള്ളി സ്വദേശി രോഹിത് ലാഡ്വ (23), ഹരിയാണ സ്വദേശി ഉത്സവ് (25), മഹാരാഷ്ട്ര സ്വദേശി യഷിത ബിശ്വാസ് (21) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.
ബംഗളൂരുവില്‍ ദന്തഡോക്ടറാണ് ഡോ. ധനുഷ പടിക്കല്‍. മരിച്ച ഡോ. സി ബിന്ദുവും ഡോ. ധനുഷ പടിക്കലും ബംഗളൂരുവിലെ ഡെന്റല്‍ കോളേജില്‍ സഹപാഠികളായിരുന്നു. ഇവരും മറ്റുസുഹൃത്തുക്കളും ചേര്‍ന്ന് കോറമംഗലയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടം.
കരുണാസാഗറാണ് കാര്‍ ഓടിച്ചിരുന്നത്. കാറിലുണ്ടായിരുന്ന ആറുപേര്‍ അപകടസ്ഥലത്തും ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും മരിച്ചു. ഇവര്‍ സഞ്ചരിച്ച ആഡംബരകാര്‍ ബംഗളൂരു കോറമംഗലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടത്തില്‍പ്പെട്ടത്.
അതിവേഗത്തിലെത്തിയ കാര്‍ റോഡരികിലെ നടപ്പാതയിലുണ്ടായിരുന്ന ഇരുമ്പുതൂണുകള്‍ തകര്‍ത്ത് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കെട്ടിടത്തിന്റെ മതിലിലിടിക്കുകയായിരുന്നു. ഇടിയുടെ ശക്തിയില്‍ ഒരാള്‍ കാറില്‍നിന്ന് പുറത്തേക്ക് തെറിച്ചുവീണു. കാറിനകത്തെ സുരക്ഷാസംവിധാനങ്ങള്‍ അപകടസമയം പ്രവര്‍ത്തിച്ചില്ലെന്നാണ് സൂചന. കാര്‍ പൂര്‍ണമായും തകര്‍ന്നു.