ലക്നോ: മൂന്ന് മാസം പ്രായമുള്ള പെണ്‍കുട്ടിയെ 17 വയസുകാരന് ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ഇറ്റാ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. കൗമാരക്കാരനായ പ്രതി ഒളിവിലാണ്. പീഡനത്തിനിരയായ കുഞ്ഞ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കുഞ്ഞിനെ ഉറക്കിക്കിടത്തിയ ശേഷം സമീപത്തെ ഗ്രൗണ്ടില്‍ കളിക്കുന്ന കുട്ടികളെ നോക്കാനേല്‍പ്പിച്ച് പുറത്തു പോയതായിരുന്നു കുട്ടിയുടെ അമ്മ. അയല്‍ക്കാരനായ പതിനേഴുകാരന് കുഞ്ഞിന്റെ കരച്ചിലടക്കാന്‍ ശ്രമിക്കുന്നതാണ് തിരിച്ചുവന്നപ്പോള്‍ അമ്മ കണ്ടത്.
കുഞ്ഞ് കരച്ചില് നിര്‍ത്താതെ വന്നപ്പോള്‍ മലമൂത്ര വിസര്‍ജനം നടത്തിയെന്ന് ആണ്‍കുട്ടി പറഞ്ഞു. എന്നാല്‍ അമ്മ കുട്ടിയെ വൃത്തിയാക്കുമ്പോള്‍ സ്വകാര്യ ഭാഗങ്ങളില്‍ നിന്നും ചോരയൊലിക്കുന്നതാണ് കണ്ടത്. കുട്ടിയെ ഉടന്‍ തന്നെ അടുത്തുള്ള ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
സംഭവത്തില്‍ ഐ.പി.സി സെക്ഷന്‍ 376 (ബലാത്സംഗം), പോക്സോ നിയമത്തിലെ വകുപ്പുകള്‍ എന്നിവ പ്രകാരം എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് രാജ് കുമാര്‍ സിങ് പറഞ്ഞു. പ്രതിയെ പിടികൂടാന്‍ നാലംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.