വിവാഹത്തിന് ഒരു മണിക്കൂര്‍ മുന്‍പ് യുവതി സുഹൃത്തുക്കള്‍ക്ക് അയച്ച വീഡിയോ കാരണം വിവാഹം മുടങ്ങി. ചെന്നൈയിലാണ് സംഭവം. അമ്മാവനുമായുള്ള വിവാഹത്തിന് താത്പര്യമില്ലാത്ത യുവതി പോലീസിന്റെ സഹായം അഭ്യര്‍ത്ഥിച്ച് വീഡിയോ ചെയ്ത് സുഹൃത്തുക്കള്‍ക്ക് അയക്കുകയായിരുന്നു. പോലീസിന്റെ ഇടപെടലിലാണ് വിവാഹം മുടങ്ങിയത്.
ജനാത്തുള്ള ഫിര്‍ദോസ്(22) എന്ന യുവതിയുടെതായിരുന്നു വിവാഹം. പെണ്‍കുട്ടിയുടെ അമ്മാവന് തന്നെയായിരുന്നു വരന്. എന്നാല്‍ യുവതിക്ക് മാതൃസഹോദരനുമായുള്ള വിവാഹത്തില്‍ താത്പര്യമുണ്ടായിരുന്നില്ല. ഇക്കാര്യം പെണ്‍കുട്ടി കുടുംബത്തെ അറിയിച്ചിരുന്നു.
എന്നാല്‍ കുടുംബം പെണ്‍കുട്ടിയുടെ അഭ്യര്‍ഥന മുഖവിലയ്ക്കെടുക്കാതെ വിവാഹവുമായി മുന്നോട്ടു പോയി. തുടര്‍ന്ന് ഫിര്‍ദോസ് തന്റെ സുഹൃത്തുക്കള്‍ക്ക് അയച്ച വാട്സാപ്പ് വിഡിയോ പ്രചരിച്ചതോടെയാണ് പൊലീസ് വിഷയത്തില്‍ ഇടപെട്ടത്. വരന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും ഈ വിവാഹത്തിനു താത്പര്യമില്ലെന്നും യുവതി വിഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.
ഈ വിവാഹം നടന്നാല്‍ തന്റെ ജീവിതം നശിച്ചു പോകുമെന്നും ആത്മഹത്യ ചെയ്യുമെന്നും യുവതി വിഡിയോയില്‍ പറയുന്നുണ്ട്. ഇക്കാര്യങ്ങള്‍ പൊലീസിനെ അറിയിക്കുമോ എന്നു ചോദിച്ചാണ് യുവതി വിഡിയോ സുഹൃത്തുക്കള്‍ക്ക് അയച്ചത്. മാതാപിതാക്കള്‍ വരനെ അനുകൂലിക്കുന്നു എന്നും യുവതി പൊലീസില്‍ പരാതി നല്കി.
വിവാഹത്തിന് ഒരു മണിക്കൂര്‍ മുന്‍പ് പൊലീസ് സംഘം പെണ്‍കുട്ടിയുടെ വീട്ടിലെത്തി കുടുംബത്തോട് വിവാഹം നടത്തരുതെന്ന് ആവശ്യപ്പെട്ടു. പെണ്‍കുട്ടിയെ നിര്‍ബന്ധപൂര്‍വം വിവാഹം ചെയ്ത് അയക്കരുതെന്ന് യുവതിയുടെ മാതാപിതാക്കളില്‍ നിന്ന് പൊലീസ് എഴുതി വാങ്ങുകയും ചെയ്തു. ഏതെങ്കിലും രീതിയില്‍ പെണ്‍കുട്ടിക്ക് ബുദ്ധിമുമുട്ടുണ്ടായാല് ഇടപെടുമെന്നും പൊലീസ് അറിയിച്ചു.