വിവാഹ ദിവസം ഓഡിറ്റോറിയത്തിലേക്ക് എസ്യുവിയുടെ ബോണറ്റില്‍ ഇരുന്ന് യാത്ര ചെയ്തെത്തിയ വധുവിന് കിട്ടിയത് എട്ടിന്റെ പണി. ഈ യാത്രയുടെ വീഡിയോ യൂടൂബിലും സോഷ്യല്‍മീഡിയയിലും വൈറലായതോടെ യുവതിക്കെതിരെ പൊലീസ് കേസെടുത്തു.
വീഡിയോഗ്രാഫറുടെ നിര്‍ദ്ദേശപ്രകാരമാണ് പൂനെയ്ക്ക് സമീപം ഭോസരിയില്‍ നിന്നുള്ള 23കാരിയായ ശുഭാംഗി ശാന്താറാം ജറാന്ഡെ വിവാഹം നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് എസ്യുവിയുടെ ബോണറ്റില്‍ ഇരുന്ന് യാത്ര ചെയ്തെത്തിയത്. കഴിഞ്ഞ രാവിലെയാണ് സംഭവം നടന്നത്.
ഡൈവ് ഘര്‍ പ്രദേശത്ത് വച്ചാണ് സ്കോര്‍പിയോയുടെ ബോണറ്റില്‍ ശുഭാംഗി കയറിയത്. സസ്വാദിലുള്ള സിദ്ധേശ്വര്‍ കല്യാണ മണ്ഡപത്തിലേക്കാണ് സ്കോര്‍പിയോയുടെ ബോണറ്റില്‍ ഇരുന്ന് യുവതി യാത്ര ചെയ്തത്. സ്കോര്‍പിയോയില്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്തിരുന്ന ശുഭാംഗി വീഡിയോഗ്രാഫര്മാരുടെ നിര്‍ദേശം അനുസരിച്ച് അലങ്കരിച്ച വാഹനത്തിന്റെ ബോണറ്റില്‍ കയറി ഇരിക്കുകയായിരുന്നു.
തുടര്‍ന്ന് വാഹനം മുന്നോട്ടെടുത്തു, ഓടുന്ന ബൈക്കില്‍ പിന്തിരിഞ്ഞ് ഇരുന്ന് വീഡിയോഗ്രാഫര്‍മാര്‍ ഇത് പകര്‍ത്തുകയും ചെയ്തു. കുറച്ചുദൂരം മാത്രമേ ഇങ്ങനെ യാത്ര ചെയ്തുള്ളൂവെങ്കിലും ഇതിന്റെ വീഡിയോ വൈറലായതോടെ സംഭവത്തില്‍ പോലീസ് കേസെടുക്കുകയായിരുന്നു.
ട്രാഫിക് നിയമം തെറ്റിച്ചതിനും അപകടകരമായി വാഹനമോടിച്ചതിനും ഉദ്യോസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനും പ്രോട്ടോകോള്‍ തെറ്റിച്ചതിനും വിവിധ വകുപ്പുകള്‍ ചുമത്തിയാണ് യുവതിക്കും ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
യാതൊരു സുരക്ഷാ മുന്‍കരുതലും ഇല്ലാതെയാണ് വധു യാത്ര ചെയ്തതെന്നും ഓടുന്ന ബൈക്കിന്റെ പിന്നില്‍ തിരിഞ്ഞിരുന്ന് ഈ ദൃശ്യങ്ങള്‍ അപകടകരമാം വിധം ക്യാമറയില്‍ പകര്‍ത്തി വീഡിയോഗ്രാഫറുടെ നടപടിയും നിയമവിരുദ്ധമാണെന്നും പൊലീസ് വ്യക്തമാക്കുന്നു.