മുംബൈ: ‘എന്റെ കുഞ്ഞിനെ നഷ്ടപ്പെട്ടു, മറ്റൊരു മാതാപിതാക്കള്‍ക്കും ഈ ഗതി വരുത്തരുതെന്നാണ് എന്റെ പ്രാര്‍ഥന’ -ഏഴുവയസുകാരനായ മകനെ നഷ്ടപ്പെട്ട വേദനയില്‍ നെഞ്ചുപൊട്ടി പറയുകയാണ് പിതാവ്. കുട്ടികളിലെ മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രോം (എം.ഐ.എസ് -സി) ബാധിച്ചാണ് എഴുവയസ്സുകാരന് ശ്രേയഷിനെ പിതാവ് രാജു വോര്ക്കട്ടെയ്ക്കും കുടുംബത്തിനും നഷ്ടമായത്.
കോവിഡ് അനുബന്ധ രോഗാവസ്ഥയാണിത്. കോവിഡിനൊപ്പമോ കോവിഡിന് ശേഷമോ കുട്ടികളിലും കൗമാരക്കാരിലും വളരെ വിരളമായി ഇവ കണ്ടുവരുന്നു. ജൂലൈ ഏഴിനാണ് രോഗം ബാധിച്ച് ശ്രേയഷ് മരിച്ചത്. പന്‍വേല്‍ മുനിസിപ്പല്‍ കോര്‍പറേഷനിലെ കാലാംബോലിയിലാണ് രാജുവിന്റെയും കുടുംബത്തിന്റെയും താമസം.
കുഞ്ഞിന് കോവിഡ് പോസിറ്റീവാകുകയോ മറ്റു ലക്ഷണങ്ങളോ ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് രാജു പറയുന്നു. ശനിയാഴ്ച രാവിലെ അഞ്ചരയോടെ ശ്രേയഷിന് വീണ്ടും പനി തുടങ്ങി. ‘പനിക്കുള്ള മരുന്ന് വീണ്ടും നല്കിയപ്പോള് കുറഞ്ഞു. എന്നാല്‍ അവന് ഛര്ദിക്കാന് തുടങ്ങി. ഇതോടെ സമീപത്തെ കുട്ടികളുടെ ഡോക്ടറുടെ അടുത്തെത്തിച്ചു. ഭക്ഷ്യവിഷബാധയാണെന്നായിരുന്നു കരുതിയതെന്ന് പിതാവ് പറയുന്നു.
അതിനുമുമ്പത്തെ ദിവസം ശ്രേയഷ് പുറത്തുനിന്ന് ഭക്ഷണം കഴിച്ചിരുന്നു. ഡോക്ടര്‍ പരിശോധിച്ചശേഷം കുട്ടിയെ നിരീക്ഷണത്തിലാക്കി. 104 ഡിഗ്രി പനിയുണ്ടെന്നല്ലാതെ മറ്റു പ്രശ്നങ്ങളൊന്നും അവന് ഇല്ലായിരുന്നു. എന്നാല്‍ ശനിയാഴ്ച വൈകിേട്ടാടെ കുട്ടിയുടെ ആരോഗ്യനില വഷളാകുകയും അബോധാവസ്ഥയിലാകുകയുമായിരുന്നു.
തുടര്‍ന്ന് കുട്ടിയെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ആശുപത്രിയില്‍വെച്ച് കുഞ്ഞിനെ കോവിഡ് പരിശോധനക്ക് ഉള്‍പ്പെടെ വിധേയമാക്കുകയും ചെയ്തിരുന്നു. കുട്ടിക്ക് മറ്റു രോഗലക്ഷണങ്ങളില്ല, എന്നാല്‍ കുട്ടികളിലെ മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രോമാണെന്ന് കണ്ടെത്തുകയായിരുന്നു’ -രാജു പറഞ്ഞു.