മുസാഫര്‍നഗര്‍: വിവാഹത്തിന് പങ്കെടുക്കാനെത്തിയവര്‍ക്ക് മുമ്പില്‍ പൊങ്ങച്ചം കാണിക്കാനായി സ്ത്രീധനമായി ലഭിച്ച പണവും ആഭരണങ്ങളും പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ്. സ്ത്രീധന ഷോയുടെ വീഡിയോ വൈറലായതോടെയാണ് പോലീസ് കേസെടുത്തത്.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഉത്തര്‍പ്രദേശിലെ ഷംലിയില്‍ നടന്ന വിവാഹച്ചടങ്ങിനിടെയാണ് സ്ത്രീധന ഷോ നടന്നത്. ഷംലി സ്വദേശിയും കര്‍ണാടകയില്‍ വസ്ത്രവ്യാപാരിയുമായ യുവാവായിരുന്നു വരന്. ഗുജറാത്തിലെ സൂറത്തില്‍ വസ്ത്രവ്യാപാരിയായ ഷംലി സ്വദേശിയുടെ മകളാണ് വധു.
വിവാഹത്തിന്റെ വീഡിയോ കഴിഞ്ഞദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ പോലീസിനൊപ്പം ആദായനികുതി വകുപ്പും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവാഹവേദിയില്‍വെച്ച് സ്ത്രീധനത്തെക്കുറിച്ച് പൊങ്ങച്ചം പറയുന്നതും സ്ത്രീധനമായി ലഭിച്ച പണവും ആഭരണങ്ങളും പ്രദര്ശിപ്പിക്കുന്നതുമാണ് വീഡിയോയിലുണ്ടായിരുന്നത്.
In an "obscene" display of wealth, a wedding ceremony in UP's #Shamli showed off #Dowry – Rs 41 lakh in cash, bride with knee-length gold necklace, silver and other valuables. According to locals, the dowry was worth more than a crore. pic.twitter.com/LaxJL0xoHr
— TOIWestUP (@TOIWestUP) June 28, 2021
ഏകദേശം ഒരു കോടിയിലേറെ രൂപയുടെ സ്ത്രീധനം ഇയാള്‍ വാങ്ങിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഏകദേശം 41 ലക്ഷം രൂപയുടെ നോട്ടുകെട്ടുകള്‍ പാത്രങ്ങളില്‍ അടുക്കിവെച്ചാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. ഇതോടൊപ്പം ആഭരണങ്ങളും ഒരു എസ്യുവിയുടെ താക്കോലും ഉണ്ടായിരുന്നു. ഈ വീഡിയോയ്ക്ക് പുറമേ വധു ഒട്ടേറെ ആഭരണങ്ങള്‍ ധരിച്ചിരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.