ന്യൂഡല്‍ഹി: കോവിഡ് വാക്സിന് സ്വീകരിക്കാത്ത യുവാവിനും വാക്സിന് സര്‍ട്ടിഫിക്കറ്റ് നല്കി അധികൃതര്‍. ഭോപ്പാലിലാണ് സംഭവം. ഗാന്ധി നഗറില്‍ നിന്നുള്ള ദിവ്യാന്‍ഷ് ജയ്വാറിനാണ് വാക്സിന് സ്വീകരിക്കാതെ അധികൃതര്‍ വാക്സിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
അര്ബുധബാധിതനാണ് ഇയാള്‍. മെയ് 28ന് ഇയാള്‍ക്ക് ആദ്യ ഡോസിന് സമയം അനുവദിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഡോസ് സ്വീകരിക്കാന്‍ പോയില്ല. പിന്നീട് കോവിന്‍ പോര്‍ട്ടലില്‍ പരിശോധിച്ചപ്പോള്‍ ആദ്യ ഡോസ് സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് വന്നതായി കണ്ടു.
ഇതേതുടര്‍ന്നാണ് ദിവ്യാന്‍ഷ് പരാതിയുമായി രംഗത്തെത്തിയത്. മകന് മരുന്ന് കഴിക്കുന്നതിനാല്‍ ഡോക്ടറില്‍ നിന്ന് ഉപദേശം ലഭിച്ചതിന് ശേഷം ഡോസ് എടുക്കാമെന്നാണ് കരുതിയത്. അതിനാലാണ് ആദ്യ ഡോസ് വാക്സിന് സ്വീകരിക്കാന്‍ പോകാതിരുന്നതെന്നും ദിവ്യാന്‍ഷിന്റെ പിതാവ് അനില്‍ ജയ്വാര് പറഞ്ഞു.
ആദ്യ ഡോസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനാല്‍ ഇനി രണ്ടാം ഡോസ് മാത്രമേ ലഭിക്കൂവെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മധ്യപ്രദേശ് മന്ത്രി വിശ്വാസ് സാരംഗ് ഇക്കാര്യം അന്വേഷിക്കുമെന്ന് വ്യക്തമാക്കി.