വടക്കേ ഇന്ത്യയിലെ പ്രധാന ഭക്ഷണങ്ങളിലൊന്നാണ് ഗോല്‍ഗപ്പ അഥവാ പാനിപൂരി. എരിവും പുളിയും അല്പം മധുരവുമൊക്കെയുള്ള പാനിപൂരിക്ക് രാജ്യത്താകമാനം ആരാധകരായി ഭക്ഷണപ്രിയരേറെയാണ്. ഒരു വഴിയോരക്കച്ചവടക്കാരനില്‍ നിന്നും ഗോല്‍ഗപ്പ വാങ്ങി കഴിക്കുന്ന പശുവിന്റെയും കിടാവിന്റെയും ദൃശ്യങ്ങളാണ് ഇന്ന് മാധ്യമങ്ങളില്‍ നിറയുന്നത്.
പശുവിനും കിടാവിനും കഴിക്കാന്‍ പാനിപൂരി കൊടുക്കുന്ന മധ്യവയസ്കനും അത് ഏറെ ആസ്വദിച്ചു കഴിക്കുന്ന പശുവും കിടാവും കാഴ്ചക്കാരുടെ മനം കവരുന്നു. കച്ചവടക്കാരന് ഓരോ പാനിപൂരി വീതം ചെറിയ പാത്രത്തില്‍ എടുത്തു നല്‍കുന്നതും ഇയാള്‍ പശുവിനും കിടാവിനുമായി ഓരോന്നുവീതം വായില്‍ വച്ചു നല്‍കുന്നതും ദൃശ്യത്തില്‍ കാണാം.
ഏറെ ആസ്വദിച്ചാണ് പശുവും കിടാവും ഗോല്‍ഗപ്പ ഓരോന്നായി കഴിക്കുന്നത്. ലക്നൗവിലെ റെഡ്ഹില്‍ കോണ്‍വെന്റ് സ്കൂളിനു സമീപത്തു നിന്നുമാണ് രസകരമായ ഈ ദൃശ്യം പകര്‍ത്തിയത്. തെരുവില്‍ അലയുന്ന പശുക്കള്‍ക്ക് ഇവിടെ വീടുകളില്‍ നിന്ന് പലരും ഭക്ഷണം നല്‍കാറുണ്ടെങ്കിലും ഗോല്‍ഗപ്പ വാങ്ങി ഇവയ്ക്ക് നല്‍കിയതാണ് ആളുകളുടെ പ്രീതി പിടിച്ചുപറ്റിയത്.
കന്നുകാലികള്‍ക്ക് ഇഷ്ടഭക്ഷണം വാങ്ങി നല്കിയ മനുഷ്യനെ അഭിനന്ദനങ്ങള്‍കൊണ്ടു മൂടുകയാണ് ദൃശ്യം കണ്ടവര്‍. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ദൃശ്യം ചുരുങ്ങിയസമയം കൊണ്ട് ആറ് ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.