ന്യൂഡല്‍ഹി: സ്വന്തമായി മക്കളുണ്ടാവില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെയാണ് ഓമനിച്ചു വളര്‍ത്താന്‍ ഫരീദാബാദിലെ ദമ്പതികള്‍ ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിച്ചത്. അങ്ങനെ, കാഴ്ചയും സംസാരശേഷിയുമില്ലാത്ത ആണ്‍കുഞ്ഞിനെ ഇവര്‍ ദത്തെടുത്തു വളര്‍ത്തി. എന്നാല്‍, കോവിഡ് മഹാമാരി ഒരു വേട്ടക്കാരനായി ഇവരിലേക്കെത്തിയതോടെ ജീവിതം ദുരന്തമായി മാറുകയായിരുന്നു.
വൈറസ് ബാധിച്ച പിതാവ് മേയ് 14ന് മരണമടഞ്ഞു. അതീവ ദുഖിതയായ മാതാവ് മേയ് 22ന് ആത്മഹത്യ ചെയ്തു. ഇതോടെ, ഭിന്നശേഷിക്കാരനായ ആ 16കാരന് വീണ്ടും അനാഥനായി. ഏറെ പ്രതീക്ഷയോടെ പുതിയ ജീവിതത്തിലേക്ക് എത്തിയ ആണ്കുട്ടിിയെ ഇപ്പോള്‍ ഗുരുഗ്രാമിലെ ദീപാശ്രം എന്ന അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ് അധികൃതര്‍.
വളര്‍ത്തച്ഛനും അമ്മയും ആഴ്ചകള്‍ക്കുള്ളില്‍ വിട്ടുപോയതോടെ അസുഖബാധിതനായ ആണ്‍കുട്ടി ശരിക്കും തളര്‍ന്നു. മാതാപിതാക്കള്‍ വിട്ടപോയ ഞെട്ടലില്‍ നിന്ന് അവന് പൂര്‍ണമായും മുക്തനായിട്ടില്ലെന്ന് ആശ്രമം അധികൃതര്‍ പറയുന്നു. പേര് വിളിക്കുമ്പോള്‍ ചിരിക്കും. ശാന്തനാണ്. ഭക്ഷണം കഴിക്കുന്നുണ്ട് -ഇവര്‍ പറഞ്ഞു.
രക്ഷിതാക്കളുടെ മരണത്തിന് പിന്നാലെ രണ്ട് ദിവസം ആശുപത്രിയിലായിരുന്നു കുട്ടി. പിതാവ് മരിച്ചതിന് പിന്നാലെ ബന്ധുക്കള്‍ അമ്മയോടൊപ്പം ഉണ്ടായിരുന്നെങ്കിലും അവരോടെല്ലാം വീടുകളിലേക്ക് മടങ്ങാന്‍ അമ്മ തന്നെ നിര്‍ദേശിക്കുകയായിരുന്നു. അടുത്ത ദിവസമാണ് ഇവരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.