ചെന്നൈ: ദുരഭിമാനക്കൊലയില്‍ നിന്ന് കാമുകിയെ രക്ഷിക്കാന്‍ യുവാവ് സ്വയം തീകൊളുത്തി മരിച്ചു. വിജയ്(25) ആണ് കാമുകി അപര്‍ണശ്രീയുടെ വീടിനു മുന്നില്‍ തീകൊളുത്തി മരിച്ചത്. തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്- ശിവഗംഗ ജില്ലയിലെ ഒരു സ്വകാര്യ എന്‍ജിനീയറിങ് കോളേജിലെ പഠനത്തിനിടെയാണ് വിജയും അപര്ണശ്രീയും കണ്ടുമുട്ടുന്നതും പ്രണയത്തിലാവുന്നതും. പഠനം പൂര്‍ത്തിയായതിനു പിന്നാലെ വിജയ് ജോലിസാധ്യതകള്‍ അന്വേഷിച്ച് ചെന്നൈയിലേക്ക് പോയി.
ഇതിനിടയില്‍ വിജയുമായുള്ള ബന്ധം അപര്‍ണശ്രീയുടെ വീട്ടുകാര്‍ അറിയുന്നു. തുടര്‍ന്ന് ബന്ധം തുടരരുതെന്ന് അപര്ണശ്രീക്ക് താക്കീത് നല്കി മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. ഇക്കാര്യം സുഹൃത്തുക്കള്‍ വഴി അറിഞ്ഞ വിജയ് തുടര്‍ന്ന് അപര്‍ണശ്രീയുടെ വീട്ടിലെത്തി വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ചു.
എന്നാല്‍ അപര്‍ണശ്രീയുടെ വീട്ടുകാര്‍ ജാതി പറഞ്ഞ് ആ ബന്ധം തള്ളി. ഇതിനിടെ കാരൈക്കുടി വനിതാ പോലീസ് സ്റ്റേഷനില്‍ വിജയ്ക്കെതിരെ അപര്‍ണശ്രീയുടെ വീട്ടുകാര്‍ പരാതി നല്‍കുകയും ചെയ്തു. വിജയ് അപര്ണ്ണശ്രീയെ ശല്യം ചെയ്യുന്നുവെന്ന് പറഞ്ഞായിരുന്നു പരാതി.
എന്നാല്‍ ശനിയാഴ്ച വിജയ് വീണ്ടും അപര്‍ണശ്രീയുടെ വീട്ടില്‍ ചെന്നു കാര്യം അവതരിപ്പിച്ചു. അപ്പോഴും വീട്ടുകാര്‍ ബന്ധത്തിന് സമ്മതിച്ചില്ല. മകള്‍ മരിച്ചാല്‍ പ്രശ്നങ്ങള്‍ എല്ലാം അവസാനിക്കുമെന്ന് അപര്‍ണശ്രീയുടെ മാതാപിതാക്കള്‍ പറഞ്ഞുവെന്നാണ് വിവരം.
തന്നോടുള്ള പ്രണയത്തിന്റെ പേരില്‍ അപര്ണ്ണശ്രീയെ അവളുടെ മാതാപിതാക്കള്‍ കൊലപ്പെടുത്തുമോ എന്ന ഭയം കൊണ്ട് സ്വയം തീകൊളുത്തി മരിക്കുകയായിരുന്നു. അയല്‍ക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തുകയും വിജയിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ ശരീരമാസകലം പൊള്ളലേറ്റ വിജയ് വൈകാതെ മരിച്ചു.