വാല്പാറ: പുലിയുടെ മുന്നിലകപ്പെട്ട വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ വാല്‍പാറയിലാണു സംഭവം. പുരപ്പുറത്തിരുന്ന പൂച്ചയെ പിടിക്കാന്‍ ചാടിയ പുലി ഓടു തകര്‍ന്നു വീട്ടിനകത്തു വീണതോടെയാണ് വീട്ടമ്മ പുലിയുടെ മുന്നിലകപ്പെട്ടത്.
നഗരത്തോടു ചേര്‍ന്നുള്ള കാമരാജ് നഗറില്‍ താമസിക്കുന്ന ചിന്നമ്മാളിന്റെ വീട്ടിലാണു പുലിയെത്തിയത്. വീടിനു സമീപമുള്ള മതിലില്‍ കയറിയ പുലി വീടിനു മുകളില്‍ പൂച്ചയെക്കണ്ടു പിടിക്കാന്‍ ചാടുകയായിരുന്നു. ചാട്ടത്തിന്റെ ശക്തിയില്‍ ഓടുകള്‍ തകര്‍ന്നു പുലി വീട്ടിനകത്തു വീണു.
വീട്ടില്‍ ഉറങ്ങുകയായിരുന്ന ചിന്നമ്മാള്‍ ഞെട്ടിയെണീറ്റു ബഹളം വച്ചതോടെ പുലി വീണ വഴി തന്നെ ചാടിക്കയറി തിരികെപ്പോയി. പരിഭ്രമത്തിനിടയില്‍ വീണ ചിന്നമ്മാളിനു കൈക്കു ചെറിയ പരുക്കേറ്റു. വിവരമറിഞ്ഞു വാല്പാറ നഗരത്തോടു ചേര്‍ന്നുള്ള മാനാമ്പള്ളി റേഞ്ച് ഓഫിസര്‍ എ. മണികണ്ഠനും സംഘവും സ്ഥലത്തെത്തി പുലിക്കായി തിരച്ചില്‍ നടത്തി.