ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്സിനും ഓക്സിജനും മാത്രമല്ല പ്രധാനമന്ത്രിയുടേയും അഭാവമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ അവശേഷിക്കുന്നത് സെന്‍ട്രല്‍ വിസ്ത പദ്ധതിയും പ്രധാനമന്ത്രിയുടെ ഫോട്ടോയും മാത്രമാണെന്നും രാഹുല്‍ വിമര്‍ശിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം.
‘വാക്സിന്, ഓക്സിജന്‍, മരുന്നുകള്‍ എന്നിവയ്ക്കൊപ്പം പ്രധാനമന്ത്രിയേയും കാണാനില്ല. സെന്‍ട്രല്‍ വിസ്ത പദ്ധതി, മരുന്നുകളുടെ ജിഎസ്ടി, എല്ലായിടത്തുമുള്ള പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ എന്നിവയാണ് അവശേഷിക്കുന്നത്’ – രാഹുല്‍ ട്വീറ്റ് ചെയ്തു.
वैक्सीन, ऑक्सीजन और दवाओं के साथ PM भी ग़ायब हैं।
बचे हैं तो बस सेंट्रल विस्टा, दवाओं पर GST और यहाँ-वहाँ PM के फ़ोटो।
— Rahul Gandhi (@RahulGandhi) May 13, 2021
രാജ്യത്തെ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുമ്പോള്‍ കോടികള്‍ ചെലഴിച്ച് സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തേതിരേയും രാഹുല്‍ വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. കൊവിഡ് വ്യാപനം തടയാന്‍ നടപടി സ്വീകരിക്കാതെ, പ്രതിപക്ഷ വിമര്‍ശനങ്ങളെ അടിച്ചമര്‍ത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
നദികളില്‍ ഒഴുകിനടക്കുന്ന മൃതദേഹങ്ങള്‍ പോലും സര്‍ക്കാരിന് കാണാനാകാത്ത തരത്തിലേക്ക് പുതിയ ഇന്ത്യ മാറിയെന്നും ഇത് ലജ്ജാകരമാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയും വിമര്‍ശിച്ചു.