ന്യൂഡല്‍ഹി: രാജ്യത്താകമാനം കോവിഡ് വ്യാപനം അതിരൂക്ഷമായി തന്നെ തുടരുകയാണ്. നിരവധി ജീവനുകളാണ് ഇതിനോടകം കോവിഡ് തട്ടിപ്പറിച്ചെടുത്തത്. ഗര്‍ഭിണിയായ ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ച വാര്‍ത്ത ഏറെ വേദനയോടെയാണ് രാജ്യം കേട്ടത്. ഡിംപിള്‍ അറോറയും ജനിക്കാനിരിക്കുന്ന കുഞ്ഞുമാണ് മരിച്ചത്.
മരണത്തിന് മുമ്പ് ഭാര്യ ഡിംപിള്‍ അറോറ അയച്ച വിഡിയോ സന്ദേശം പങ്കുവെച്ചിരിക്കുകയാണ് റാവിഷ് ചൗള. ഡോക്ടര്‍ കൂടിയായ ഡിംപിള്‍ കോവിഡിനെ നിസാരമായി കാണരുതെന്നാണ് വിഡിയോയില്‍ പറയുന്നത്. എഴുമാസം ഗര്‍ഭിണിയായ ഭാര്യയെയും ജനിക്കാനിരുന്ന കുഞ്ഞിനെയും എനിക്ക് കോവിഡ് മൂലം നഷ്ടപ്പെട്ടു. ഏപ്രില്‍ 26നാണ് അവള് മരിച്ചത്. ഒരു ദിവസം മുമ്പ് ജനിക്കാനിരുന്ന കുഞ്ഞും ഈ ലോകത്തോട് വിട പറഞ്ഞു. – വീഡിയോ പങ്കുവച്ച് റാവിഷ് കുറിച്ചു.
എന്നാല്‍ കോവിഡിനെ നിസാരമായി കാണരുത്. എനിക്ക് സംസാരിക്കാന്‍ കഴിയുന്നില്ല. മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ മാസ്ക് ധരിക്കണം. ഈ അവസ്ഥയിലൂടെ ആരും കടന്നുപോകരുതെന്ന് പ്രാര്‍ത്ഥിക്കുന്നു. വീട്ടില്‍ ഗര്‍ഭിണികള്‍, പ്രായമായവര്‍, ചെറിയ കുട്ടികള്‍ എന്നിവരുണ്ടെങ്കില്‍ നിങ്ങള്‍ നിരുത്തരവാദപരമായി പെരുമാറരുത് -ഡിംപിള്‍ വീഡിയോയിലൂടെ പറയുന്നു.