ലഖ്നൗ: ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതോടെ കോവിഡ് ബാധിതയായ യുവതി ആശുപത്രിയ്ക്ക് പുറത്ത് കാറില്‍ ശ്വാസം കിട്ടാതെ മരിച്ചു. ഉത്തര്‍പ്രദേശിലെ നോയ്ഡയിലാണ് സംഭവം. ഗവണ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയ്ക്ക് മുന്‍പിലാണ് എഞ്ചിനിയറായ യുവതി ശ്വാസം കിട്ടാതെ പിടഞ്ഞുമരിച്ചത്.
ജഗ്രതി ഗുപ്തയെന്ന 35കാരിയായ എഞ്ചിനീയറാണ് മരിച്ചത്. കൊവിഡ് ബാധിച്ച് അത്യാസന്ന നിലയിലായ യുവതി വീട്ടുടമസ്ഥനൊപ്പമാണ് ആശുപത്രിയിലെത്തിയത്. യുവതി മരണത്തോട് മല്ലിടുകയാണെന്ന് വീട്ടുടമസ്ഥന് കരഞ്ഞ് പറഞ്ഞിട്ടും ആശുപത്രി അധികൃതര്‍ വൈദ്യസഹായം നല്കാന് തയ്യാറായില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കടുത്ത ശ്വാസം മുട്ടല്‍ അനുഭവിക്കുന്ന ജഗ്രതി വൈദ്യ സഹായത്തിനായി മണിക്കൂറുകളോളം കാത്തുനിന്നു. ഈ സമയമത്രയും ജഗ്രതി വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ ഉടമസ്ഥന് അധികൃതരോട് ചികിത്സയ്ക്കായി യാചിക്കുകയായിരുന്നു. ജഗ്രതി മരണപ്പെട്ട് മൂന്ന് മണിക്കൂറുകള്‍ക്കുശേഷമാണ് ആശുപത്രി അധികൃതര്‍ മൃതദേഹം നീക്കം ചെയ്യാന്‍ പോലും തയ്യാറായത്.
ശരീരത്തിലെ ഓക്സിജന്റെ അളവ് ഗണ്യമായി കുറഞ്ഞതാണ് ജഗ്രതിയുടെ മരണ കാരണം. ഇവരുടെ ഭര്‍ത്താവും കുട്ടികളും മധ്യപ്രദേശിലാണ് താമിസിക്കുന്നത്. യുപിയില്‍ മതിയായ ചികിത്സയും ഓക്സിജനും കിട്ടാതെ മരണപ്പെടുന്ന രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചുവരികയാണ്. എന്നാല്‍ സംസ്ഥാനം ഓക്സിജന്‍ ക്ഷാമം നേരിടുന്നില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രൂക്ഷവിമര്‍ശനമാണ് യോഗിക്കെതിരെ ഉയരുന്നത്.