ചെന്നൈ: കീടനാശിനി നല്കി മകനെ കൊലപ്പെടുത്തിയ ശേഷം അമ്മ വിഷം കഴിച്ച് മരിച്ച നിലയില്‍. സേലം പനമരംപെട്ടിയിലായിരുന്നു സംഭവം. മുത്തുകുമാറിന്റെ ഭാര്യ കൊച്ചി മഠത്തില്‍പറമ്പ് സ്വദേശി സ്റ്റെഫിയ (24), മകന് അനീഷ് (മൂന്ന്) എന്നിവരാണു മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്കു 12നാണു നാടിനെ നടുക്കുന്ന സംഭവം. അഞ്ച് വര്‍ഷം മുന്‍പാണു മുത്തുകുമാര്‍ കൊച്ചിയില്‍ ജോലിക്കു വന്നത്. അവിടെ നിന്നും പരിചയപ്പെട്ട സ്റ്റെഫിയയെ മുത്തുകുമാര്‍ വിവാഹം കഴിക്കുകയായിരുന്നു. മുത്തുകുമാറിന്റെ ജ്യേഷ്ഠന്റെ മകന് ജയകുമാറും ഇവര്‍ക്കൊപ്പം താമസിച്ചിരുന്നു.
സ്റ്റെഫിയയും മുത്തുകുമാറും ജോലിക്കു പോയാല്‍ 10 വയസ്സുകാരനായ ജയകുമാറാണു കുട്ടിയെ നോക്കാറുള്ളത്. ശനിയാഴ്ച രാവിലെ കുട്ടിയെ നോക്കുന്നില്ലെന്നു പറഞ്ഞു സ്റ്റെഫിയ ജയകുമാറിനെ തല്ലി വീട്ടില്‍ നിന്നു പുറത്താക്കിയതായി പൊലീസ് പറഞ്ഞു.
പരിസരവാസികള്‍ മുത്തുകുമാറിനോടു വിവരം അറിയിക്കുമെന്നു പറഞ്ഞതോടെ അസ്വസ്ഥതയായ സ്റ്റെഫിയ വാതിലടച്ചു വീട്ടിനുള്ളിലേക്കു കയറി. ഏറെനേരം കഴിഞ്ഞിട്ടും കാണാതായതോടെ നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സേലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു കൈമാറി.