നോയിഡ: ഭക്ഷണം വാങ്ങാന്‍ പണമില്ലാത്തതിനാല്‍ അമ്മ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. നോയിഡയിലെ ഗോപാല്‍ഗാഹ് ഗ്രാമത്തിലെ റോത്താഷ് എന്നയാളുടെ ഭാര്യ ഹേമ (26) ആണ് മകന് ദീപകിനെ (എട്ട് മാസം) ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. കുട്ടിയുടെ അഴുകിയ മൃതശരീരം പോലീസ് കണ്ടെത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
മകനെ കാണാനില്ലെന്ന് ഹേമ വീട്ടുകാരോട് പറഞ്ഞതോടെ ഭര്‍ത്താവ് പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കാനായി പോലീസ് വീട്ടിലെത്തിയപ്പോള്‍ വീടിന് സമീപത്തുള്ള തൊഴുത്തില്‍ നിന്നും ദുര്‍ഗന്ധം ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇതേ പറ്റി അന്വേഷിക്കാനായി വീടിന്റെ പരിസരം പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ മൃതശരീരം ചാക്കില്‍ക്കെട്ടിയ നിലയില്‍ പോലീസ് കണ്ടെത്തിയത്.
തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ കുട്ടി കട്ടിലില്‍ നിന്നും വീണ് മരിച്ചതാണെന്ന് ഹേമ പോലീസിനോട് പറഞ്ഞു. എന്നാല്‍ കുട്ടിയുടെ കഴുത്തില്‍ പാട് കണ്ടെത്തിയതോടെ പോലീസ് ഹേമ ഉള്‍പ്പെടെ ബന്ധുക്കളെയെല്ലാം ചോദ്യം ചെയ്തു. ഒടുവില്‍ ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഹേമ പോലീസിനോട് സമ്മതിച്ചു.
ഭക്ഷണം വാങ്ങാന്‍ പണമില്ലാത്തതിനാല്‍ നിരാശയായ ഹേമ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവ് ജോലിക്ക് പോകാറില്ലായിരുന്നെന്നും കുട്ടി വിശന്ന് കരഞ്ഞപ്പോള്‍ നിയന്ത്രണം വിട്ട് പോകുകയായിരുന്നുവെന്നും ഹേമ പറഞ്ഞതായി പോലീസ് പറഞ്ഞു.