കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ ജില്ലയിലെ വെള്ളാലൂറില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മലയാളി ഉള്‍പ്പടെ അഞ്ച് പേര് മരിച്ചു. കാര്‍ ഡ്രൈവറായ പാലക്കാട് വല്ലപ്പുഴ സ്വദേശി മുഹമ്മദ് ബഷീര്‍ (44) ആണ് മരിച്ചത്. പാലക്കാട് വല്ലപ്പുഴ മുട്ടിയാന്‍ കാട്ടില്‍ മുഹമ്മദ് കുട്ടിയുടെ മകനാണ് മരിച്ച ബഷീര്‍. കേരള രജിസ്ട്രേഷനിലുള്ള വാഗനര്‍ കാറും തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടു.
മറ്റുള്ളവരെ തിരിച്ചറിയാനായിട്ടില്ല. പാലക്കാട് നിന്ന് സേലത്തേക്ക് തൊഴിലാളികളേയും കൊണ്ട് പോകുകയായിരുന്നു കെട്ടിട നിര്‍മ്മാണ കോണ്‍ട്രാക്ടറായിരുന്നു ബഷീര്‍. കാറിലുണ്ടായിരുന്നവര്‍ ബംഗാളില്‍ നിന്നുള്ള തൊഴിലാളികളാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഇത് സ്ഥിരീകരിക്കാനായിട്ടില്ല.
മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. രണ്ടു പേര് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ബഷീറടക്കം മറ്റു മൂന്ന് പേര് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ച അഞ്ചു മണിയോടെയായിരുന്നു അപകടം. സംഭവത്തില്‍ ലോറി ഡ്രൈവറായ ട്രിച്ചി സ്വദേശി സതീഷ് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.