ഗാസിയാബാദ്: യുവതിയും പ്രതിശ്രുത വരനും ക്ഷേത്രത്തില്‍ വെച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസുകാരന് അറസ്റ്റില്‍. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഡല്‍ഹി ട്രാഫിക് പോലീസിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ദിനേശ് അറസ്റ്റിലായത്. 32കാരിയായ പ്രീതിയും 26കാരനായ സുരേന്ദ്രയുമാണ് ദിവസങ്ങള്‍ക്ക് മുന്‍പ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട യുവതിയുമായി ദിനേശ് മുമ്പ് പ്രണയത്തിലായിരുന്നു. യുവതി ഈ ബന്ധം അവസാനിപ്പിച്ചതാണ് ഇയാളെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് കണ്ടെത്തി. വീട്ടുകാര്‍ സുരേന്ദ്രയുമായുള്ള വിവാഹം നിശ്ചയിച്ചതോടെ പ്രീതി ദിനേശുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു. ക്ഷേത്ര ദര്‍ശനത്തിനായ പോയ ഇരുവരെയും സമയം വൈകിയിട്ടും കാണാതായതോടെ പ്രീതിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് നടത്തിയ തെരച്ചിലില്‍ ഗാസിയാബാദിലെ സായി ഉപവന്‍ ക്ഷേത്രത്തില്‍ ഇരുവരെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഡല്‍ഹി ട്രാഫിക് പോലീസിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ആയ ദിനേശുമായി പ്രീതിക്ക് മുന്‍പ് ബന്ധമുണ്ടായിരുന്നതായി പോലീസ് മനസിലാക്കിയത്.
കൊലപാതകത്തില്‍ ദിനേശിന് പങ്കുണ്ടെന്ന് സംശയം തോന്നിയ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കൃത്യം നിര്‍വഹിച്ചത് ദിനേശാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തു. കൊലപാതകം ചെയ്തത് താനാണെന്ന് സമ്മതിച്ച ദിനേശ് പ്രീതി താനുമായുള്ള ബന്ധം അവസാനിപ്പിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കുകയും ചെയ്തു.
സുരേന്ദ്രയുമായി പ്രീതിയുടെ വിവാഹം നിശ്ചയിക്കുകയും ഒരാഴ്ച്ച മുന്‍പ് പ്രീതി മൊബൈല്‍ നമ്പര്‍ മാറ്റുകയും ദിനേശിനെ കാണുന്നത് അവസാനിപ്പിക്കുകയും ചെയ്തതാണ് ദിനേശിനെ പ്രകോപിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രീതിയും സുരേന്ദ്രയും ക്ഷേത്രത്തില്‍ പോകുന്നത് കണ്ട ദിനേശ് അവരെ പിന്തുടരുകയും ക്ഷേത്രദര്‍ശനത്തിന് ശേഷം പുറത്തിറങ്ങിയപ്പോള്‍ ഇരുവരുമായി വാക്തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു.
തുടര്‍ന്ന് പ്രകോപിതനായ ദിനേശ് ഇരുവര്‍ക്കും നേരെ നിറയൊഴിക്കുകയായിരുന്നു. കൃത്യത്തിനുപയോഗിച്ച തോക്കും ദിനേശ് സഞ്ചരിച്ച കാറും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ദിനേശിനെ സഹായിച്ചെന്ന് കരുതുന്ന പിന്റു എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.