മുംബൈ: ആശുപത്രിയില്‍ കഴിയുന്ന പിതാവിനെ കാണാനായി പോകുകയായിരുന്ന യുവതിയോട് ട്രെയിന്‍ യാത്രക്കിടെ ടിക്കറ്റ് എക്സാമിനര്‍ അപമര്യാദയായി പെരുമാറിയെന്ന് പരാതി. യുവതിയുടെ മുന്നിലെത്തിയ ട്രാവലിംഗ് ടിക്കറ്റ് എക്സാമിനര്‍ (ടിടിഇ) പൊടുന്നനെ വസ്ത്രങ്ങളെല്ലാം അഴിച്ച് നഗ്നനാകുകയും, അപമര്യാദയായി പെരുമാറുകയും ചെയ്തെന്നാണ് പരാതി.
കഴിഞ്ഞദിവസം ചെന്നൈ ദാദര്‍ എക്സ്പ്രസിലായിരുന്നു സംഭവം. മുംബൈയില്‍ ആശുപത്രിയില്‍ കഴിയുന്ന പിതാവിനെ കാണാനായി പോകുകയായിരുന്നു യുവതി. രാത്രി 2.15 ഓടെ ടിക്കറ്റ് എക്സാമിനര്‍ യുവതിയുടെ കോച്ചിലെത്തി ടിക്കറ്റും ഐഡി പ്രൂഫും കാണിക്കാന്‍ പറഞ്ഞു.
ഇത് പരിശോധിച്ചശേഷം തിരികെപോയ ടിടിഇ, അല്‍പ്പസമയത്തിന് ശേഷം വീണ്ടും തിരികെയെത്തി.
യുവതിയുടെ മുന്നിലെത്തിയ അദ്ദേഹം പെട്ടെന്ന് വസ്ത്രങ്ങള്‍ അഴിച്ച് അപമര്യാദയോടെ പെരുമാറാന്‍ തുടങ്ങി. ഇതോടെ യുവതി അമ്പരന്നു.ഉടന്‍ തന്നെ യുവതി അന്ധേരിയിലുള്ള ബന്ധുവിനെ വിളിച്ച് കാര്യം പറഞ്ഞു.
അയാള്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് റെയില്‍വെ പോലീസ് ഉടന്‍ തന്നെ യുവതിയുടെ കോച്ചിലെത്തി. എന്നാല്‍ അതിനിടെ ടിടിഇ ട്രെയിനില്‍ നിന്നും മുങ്ങി. ട്രെയിനിലും പരിസരത്തും മുഴുവന്‍ അരിച്ചു പെറുക്കിയെങ്കിലും പോലീസിന് ഇയാളെ കണ്ടെത്താനായില്ല. സെന്‍ട്രല്‍ റെയില്‍വെയ്ക്ക് കീഴിലുള്ള ഉദ്യോഗസ്ഥനാണ് ഇയാളെന്ന് അധികൃതര്‍ വ്യക്തമാക്കി. യുവതിയുടെ പരാതിയില്‍ ടിടിഇക്കെതിരെ റെയില്‍വെ പൊലീസ് കേസെടുത്തിട്ടുണ്ട്.