റാഞ്ചി: മൂന്നാം വിവാഹം ചെയ്യാനായി ഒരുങ്ങിയ ഭര്‍ത്താവിനെതിരെ പരാതിയുമായി മുന്‍ ഭാര്യമാര്‍ രംഗത്തെത്തി. ഇതോടെ വിവാഹമണ്ഡപം നാടക വേദിയായി. ആദ്യ ഭാര്യമാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് മണവാളനെ അറസ്റ്റ്ചെയ്യതോടെ കല്ല്യാണം നടക്കാനായി സ്വന്തം സഹോദരനെ വിവാഹവേദിയിലേക്ക് അയക്കുകയായിരുന്നു. ത്സാര്‍ഖണ്ഡിലാണ് വിവാഹ നാടകം അരങ്ങേറിയത്.
എന്നാല്‍ മണവാളന് പകരം സഹോദരനാണ് വിവാഹം കഴിക്കാനായി എത്തിയിരിക്കുന്നത് എന്ന് അറിഞ്ഞതോടെ പെണ്ണിന്റെ വീട്ടുകാര്‍ പ്രതിഷേധിച്ചു. വിവാഹത്തിനായി ചെലവാക്കിയ മുഴുവന്‍ പൈസയും തിരിച്ചു കിട്ടണം എന്നും ആവശ്യപ്പെട്ടു.
മറ്റ് രണ്ട് ഭാര്യമാരെയും വകവെയ്ക്കാതെ കരിം എന്ന യുവാവാണ് മൂന്നാമത്തെ വിവാഹത്തിനൊരുങ്ങി പിടിയിലായത്. പരാതിയെ തുടര്‍ന്ന് വിവാഹവേദിയിലേക്ക് പോകും വഴിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കാര്യം കൈവിട്ട് പോയതോടെ ഇയാള്‍ തന്റെ സഹോദരന് റഹിമിനെ തനിക്ക് പകരം വിവാഹ വേദിയിലേക്ക് അയച്ചു.
എന്നാല്‍ വരനായി എത്തിയ റഹിമിനെ കണ്ടതോടെ വധുവിന്റെ വീട്ടുകാര്‍ ദേഷ്യപ്പെടുകയും വരന്റെ സംഘത്തെ തടഞ്ഞുവെക്കുകയും ചെയ്തു. തുടര്‍ന്ന് കല്ല്യാണത്തിനായി ചെലവായ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു.
വിവാഹം ചെയ്താല്‍ താന്‍ നേരിടാന്‍ പോകുന്ന പ്രശ്നങ്ങളെക്കുറിച്ച് പോലീസ് പറഞ്ഞതോടെയാണ് കരീം പിന്‍വാങ്ങിയത്. കഴിഞ്ഞ ഏഴ് വര്‍ഷമായി തന്റെ ആദ്യത്തെ രണ്ട് ഭാര്യമാര്‍ക്കൊപ്പമാണ് കരീം ജീവിക്കുന്നത്.
അമ്മയാണ് വീണ്ടും വിവാഹം ചെയ്യാനായി നിര്‍ബന്ധിച്ചതെന്ന് കരീം പറഞ്ഞത്. തന്റെ രണ്ട് ഭാര്യമാര്‍ക്കൊപ്പം കഴിഞ്ഞോളാം എന്ന ഉറപ്പ് നല്‍കിയതോടെ പോലീസ് ഇയാളെ പറഞ്ഞുവിട്ടു. ഭര്‍ത്താവ് മൂന്നാമത്തെ വിവാഹത്തില്‍ നിന്ന് പിന്‍വാങ്ങിയാല്‍ കേസുമായി മുന്നോട്ടുപോവാന്‍ താല്‍പ്പര്യമില്ലെന്ന് ഭാര്യമാരും അറിയിച്ചു.