ചെന്നൈ: തമിഴ്നാട്ടിലെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം നടത്തുകയാണ്. ഇവരോട് ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ജനങ്ങളുടേയും വിദ്യാര്‍ത്ഥികളുടേയും പ്രയാസം പരിഗണിക്കണമെന്നും തമിഴ്നാട് സര്‍ക്കാര്‍ സമരസമിതിയോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറല്‍ ചര്‍ച്ചയ്ക്ക് മന്ത്രിമാരെ ചുമതലപ്പെടുത്തുമെന്നും സമര സമിതിയെ അറിയിച്ചിട്ടുണ്ട്.
ഇവര്‍ സമരം നടത്തുന്നത് പങ്കാളിത്ത പെന്ഷന് പദ്ധതി റദ്ദാക്കി പഴയ പെന്ഷന് പുനഃസ്ഥാപിക്കുക, കേന്ദ്ര സര്‍ക്കാരിന്റെ ശമ്പള വേതന വ്യവസ്ഥയ്ക്ക് അനുസൃതമായ പരിഷ്കാരം നടപ്പാക്കുക തുടങ്ങിയ പന്ത്രണ്ട് ആവശ്യങ്ങള്‍ ഉന്നയിച്ചാണ്. എന്നാല്‍ സര്‍ക്കാറിന്റെ നിലപാട് ഇപ്പോഴത്തെ സാമ്പത്തിക പശ്ചാത്തലത്തില്‍ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ആകില്ലെന്നാണ്.
ആയിരത്തോളം അധ്യാപകരെ സസ്പെന്‍ഡ് ചെയ്ത് താല്‍ക്കാലിക അധ്യാപകരെ അച്ചടക്ക നടപടിയുടെ ഭാഗമായി നിയമിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ന് തൊണ്ണൂറ് ശതമാനത്തോളം അധ്യാപകരും ജോലിക്ക് എത്തിയെന്ന് സര്‍ക്കാര്‍ പറഞ്ഞു.