ലക്നൗ: പശുക്കളെ സംരക്ഷിക്കുന്നതിനായി പുതുതായി പശുക്ഷേമ നികുതി ചുമത്താനൊരുങ്ങി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിരത്തുകളിലും മറ്റും അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കളെ സംരക്ഷിക്കുന്നതിനായി താത്കാലിക തൊഴുത്തുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.
1000 പശുക്കള്‍ക്ക് കഴിയാന്‍ സാധിക്കുന്ന രീതിയിലായിരിക്കും തൊഴുത്തുകളുടെ നിര്‍മ്മാണം. ഇത്തരം തൊഴുത്തുകള്‍ ഗ്രാമങ്ങളിലും പഞ്ചായത്തുകളിലും നഗരങ്ങളിലും നിര്‍മ്മിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പശുക്കളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് പ്രത്യേക മേച്ചില്‍പ്പുറങ്ങളും നിര്‍മ്മിക്കണമെന്നാണ് യോഗിയുടെ നിര്‍ദ്ദേശം.
പുതിയ പദ്ധതിയ്ക്കായി മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നുമാവും പണം ചിലവഴിക്കുകയെന്ന് മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചു.എക്സൈസ് ഡ്യൂട്ടിയായും കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നുമാണ് രണ്ട് ശതമാനം ‘പശു ക്ഷേമ നികുതി’ ഈടാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. മദ്യത്തിന്റെ വിലയും ടോള്‍ ടാക്സും 0.5 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ തുകയും പശുക്ഷേമത്തിനായി ചെലവഴിക്കും.