ചെന്നൈ : ചെന്നൈയില്‍ ഹോട്ടലുകളിലേക്ക് എത്തിയ ആയിരം കിലോ പട്ടിയിറച്ചി പിടികൂടി. രാജസ്ഥാനില്‍നിന്ന് ശനിയാഴ്ച രാവിലെ ചെന്നൈ എഗ്മോര്‍ സ്റ്റേഷനിലെത്തിയ ജോധ്പുര്‍ എക്സ്പ്രസ് ട്രെയിനിലാണ് തെര്‍മോകോള്‍ ഐസ് പെട്ടികളില്‍ സൂക്ഷിച്ച നിലയില്‍ പട്ടിയിറച്ചി റെയില്‍വെ പോലീസ് കണ്ടെടുത്തത്.
ഗുണമേന്മ കുറഞ്ഞ ഇറച്ചി വിഭവങ്ങള്‍ വില്പന നടത്തുന്നതായി അധികൃതര്‍ക്ക് ഈയിടെ പരാതികള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് ട്രെയിനില്‍ നിന്ന് പട്ടിയിറച്ചി പിടികൂടിയത്. ആടിറച്ചിയാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ തുടര്‍ന്നുള്ള പരിശോധനയിലാണ് പട്ടിയിറച്ചിയാണെന്ന് കണ്ടെത്തിയത്.
രണ്ടു പെട്ടികളിലായി ഏകദേശം 1000 കിലോയോളം ഉണ്ടായിരുന്നു. പാക്കറ്റിനു പുറത്ത് ഉണ്ടായിരുന്ന വിലാസത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ചെന്നൈ കോര്‍പറേഷനിലെ ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിച്ചു. ഇത്തരം ഇറച്ചികള്‍ ചെറു ബിരിയാണി കടകളിലും തട്ടുകടകളിലും മറ്റും വിതരണം ചെയ്യാനിരുന്നതാണെന്നാണ് അധികൃതരുടെ നിഗമനം.