ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന നടന് ആന്റണി വര്‍ഗീസ് എന്ന പെപ്പെ വിവാഹിതനാവുന്നു. താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞ ദിവസം നടന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അറേഞ്ച്ഡ് മാര്യേജാണെന്നും വിവാഹം ജൂണില്‍ ഉണ്ടാകുമെന്നുമാണ് അറിയുന്നത്. അങ്കമാലി സ്വദേശിയാണ് വധു.
ആന്റണിയുടെ സഹോദരി അഞ്ജലിയുടെ വിവാഹം അടുത്തിടെയായിരുന്നു. എളവൂര്‍ സ്വദേശി ജിപ്സണ്‍ ആണ് വരന്. ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’, ‘ജല്ലിക്കട്ട്’ എന്നിവയാണ് ആന്റണിയുടെ മറ്റ് ചിത്രങ്ങള്‍. താരത്തിന്റെ പുതിയ ചിത്രം ‘അജഗജാന്തരം’ റിലീസിന് ഒരുങ്ങുകയാണ്.
രാജ്യാന്തര ചലച്ചിത്രമേളകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ് ജെല്ലിക്കെട്ട്. ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായിരുന്നു ഈ ചിത്രം. 2011ന് ശേഷം ഓസ്കാറിന് അയക്കുന്ന ആദ്യ മലയാള സിനിമയും ജല്ലിക്കട്ട് തെന്നെ. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ചിത്രത്തിന് അവസാന പട്ടികയില്‍ ഇടം നേടാനായില്ല.