തൃശ്ശൂര്‍: കുട്ടികള്‍ക്ക് നഗ്നതാ പ്രദര്‍ശനം നടത്തി എന്ന് കേസില്‍ മലയാള സിനിമാനടന് ശ്രീജിത്ത് രവിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നടനെ തൃശൂര്‍ പോക്സോ കോടതിയില്‍ ഹാജരാക്കി. ശ്രീജിത്ത് രവിയ്ക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന് വാദിച്ചു. എന്നാല്‍ ശ്രീജിത്ത് രവി രോഗിയെന്നാണ് പ്രതി ഭാഗത്തിന്റെ വാദം.
ജാമ്യം നല്കിയാല് കുറ്റവാളികള്‍ക്ക് പ്രോത്സാഹനം നല്കുന്ന നിലപാടാകുമെന്നും സമൂഹത്തില്‍ തെറ്റായ സന്ദേശമാണ് നല്‍കുകയെന്നും പ്രോസിക്യൂഷന് പറഞ്ഞു. അതേസമയം ശ്രീജിത്ത് രവി രോഗിയാണെന്നും രോഗം മൂലമാണ് ഇത്തരത്തില്‍ ഒരു കുറ്റം ചെയ്തതെന്നും കൂടുതല്‍ ചികിത്സ തേടേണ്ടതുണ്ടെന്നും പ്രതിഭാഗം പറഞ്ഞു.
പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്നമാണെന്നുമാണ് ശ്രീജിത്ത് രവി പൊലീസിനോട് പറഞ്ഞത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം.
തൃശൂര്‍ അയ്യന്തോളിലെ പാര്ക്കിന് സമീപത്ത് കാര്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ഇയാള്‍. പതിനൊന്നും അഞ്ചും വയസുള്ള രണ്ടു കുട്ടികള്‍ക്ക് അരികിലൂടെ കടന്നുപോകവേ നഗ്നതാ പ്രദര്‍ശനം നടത്തി ഇയാള്‍ ഇവിടെ നിന്ന് പോകുകയായിരുന്നു.
കുട്ടികളുടെ രക്ഷിതാക്കളാണ് പോലീസില്‍ പരാതി നല്‍കിയച്. ഇയാളെ കണ്ട് പരിചയമുണ്ടെന്നാണ് കുട്ടികള്‍ പോലീസിനോട് പറഞ്ഞത്. കറുത്ത കാറിലാണ് വന്നതെന്നും കുട്ടികള്‍ വ്യക്തമാക്കി. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കാറിനെ പിന്തുടര്ന്നപ്പോഴാണ് ശ്രീജിത്ത് രവിയിലേക്ക് അന്വേഷണം എത്തിയത്. ഇതിന് മുമ്പും സ്കൂള്‍ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ശ്രീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്.